തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കൂടിയായ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ സ്വീകരിക്കണമോ എന്ന കാര്യത്തിൽ കുടുംബം തീരുമാനം സിപിഎമ്മിന് വിട്ടു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബത്തിന്റെ നിലപാടെന്ന് മകൻ വി.എ. അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് ഏത് ഔദ്യോഗിക പുരസ്‌കാരത്തേക്കാളും വലുതെന്നും, അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ കേന്ദ്ര സർക്കാർ നൽകിയ പത്മ പുരസ്‌കാരം അദ്ദേഹം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. പുരസ്‌കാരവുമായി ബന്ധപ്പെട്ട് കുടുംബം എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇ.എം.എസ്., ജ്യോതിബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾ സർക്കാർ ബഹുമതികൾ നിരസിച്ച ചരിത്രം ഉണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി. നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുരസ്‌കാര പ്രഖ്യാപനം സ്വാഗതം ചെയ്തിരുന്നുവെങ്കിലും, അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം വിഎസിന്റെ കുടുംബത്തിനാണെന്നും പാർട്ടി നിലപാട് മാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.





