രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുമ്പോൾ മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ ചികിത്സയുടെ ക്ലെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശുർ വിയ്യൂർ പുളിപ്പറമ്പിൽ വീട്ടിൽ പി.ആർ.സുധാകരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ വിധിയായത്.
സുധാകരന് നെഞ്ചുവേദനയെത്തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി നടത്തി. രക്തസമ്മർദ്ദവും പ്രമേഹവും പോളിസി ചേരുന്നതിന് മുമ്പേ ഉണ്ടായിരുന്നുവെന്നും ആയത് പോളിസി ചേരുന്നതിനുള്ള പ്രൊപ്പോസൽ ഫോമിൽ മറച്ചുവെച്ചുവെന്നും ആരോപിച്ചാണ് ക്ലെയിം നിഷേധിച്ചത്. നിലവിലുള്ള അസുഖങ്ങൾ സങ്കീർണ്ണമായതാണ് ഹൃദയ ചികിത്സയുടെ ഭാഗമായി ആഞ്ചിയോപ്ളാസ്റ്റിയിലേക്ക് നയിച്ചതെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. പോളിസി ചേരുമ്പോൾ അസുഖമുണ്ടായിരുന്നുവെന്ന് സാധൂകരിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഇൻഷുറൻസ് പ്രകാരം 2,00,000 രൂപയും, ക്ലെയിം തിയ്യതിയായ 2013 ഫെബ്രുവരി 11 മുതൽ 9% പലിശയും നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





