
തൃശൂർ: സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിലാക്കി അന്യായമായി നടപ്പാക്കുന്ന പവർകട്ടിനെതിരെ യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ കോലം കത്തിച്ചു.

വൈദ്യുതി മുടക്കം പതിവാകുകയും ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് മരുതിയൂർ ആരോപിച്ചു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും പ്രതിസന്ധിയിലാക്കുന്ന പവർകട്ടിന് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തു പറമ്പിൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നന്ദു, അഞ്ജലി ഇടക്കാട്ടിൽ, ശ്രാവൺ, അമൃത, സിജുൽ വിഷ്ണു, ശിവൻ എന്നിവർ നേതൃത്വം നൽകി.




