Kerala News

ആമസോണിന്റെ ഗോഡൗണില്‍ ബിഐഎസ് പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്കുള്ള ഗുണനിലവാരക്കുറവുള്ള ഉത്പന്നങ്ങള്‍ പിടികൂടി

കൊച്ചി: ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, ആമസോണ്‍ ഇ-കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) കൊച്ചി ബ്രാഞ്ച് സംഘം പരിശോധന നടത്തി.

പരിശോധനയില്‍ ഇന്ത്യയിലെയും വിദേശത്തെയും ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയും അവയില്‍ ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുകയും മുദ്രകള്‍ ശരിയായി പതിയാതിരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായും പരിശോധനയില്‍ വ്യക്തമായി.

കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, വില്‍പനയില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ 10 മടങ്ങ് പിഴയോ രണ്ടു വര്‍ഷം വരെ തടവോ പോലെയുള്ള കഠിന ശിക്ഷ ലഭിക്കാമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *