Business Culture India Kerala News Politics

ആദ്യ എസ്‌സിഒ നാഗരികതാ സംവാദ ഫോറം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആദ്യ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) നാഗരികതാ സംവാദ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30-ന് ന്യൂഡൽഹിയിലെ പുരാന ഖിലയിലാണ് ചടങ്ങ്. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

നവംബർ 20 മുതൽ 22 വരെ നടക്കുന്ന ഫോറം മേഖലയിലെ പരസ്പരബന്ധിതമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുക, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സാംസ്കാരിക സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു.

2025-ൽ ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ നാഗരികതാ സംവാദത്തിനായി പ്രത്യേക വേദി രൂപീകരിക്കണമെന്ന മോദിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘വസുധൈവ കുടുംബകം – ലോകം ഒരു കുടുംബം’ എന്ന പ്രമേയത്തിൽ സംഗീതം, നൃത്തം, ദൃശ്യാവിഷ്കാരം എന്നിവ സമന്വയിപ്പിച്ച ‘സിവിലൈസേഷൻസ് ഇൻ കൺവെർസേഷൻ’ എന്ന സാംസ്കാരിക പരിപാടിയും ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറും.

ഇന്ത്യയുടെ പുരാവസ്തു, കലാ, സാഹിത്യ പൈതൃകം പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഫോറത്തിന്റെ ഭാഗമായി ഒരുക്കും. ‘അസ്തിത്വ – ദി എസൻസ് ഓഫ് ഔർ എക്സിസ്റ്റൻസ്’ എന്ന പ്രദർശനത്തിൽ ക്രി.മു. 1200 മുതൽ ക്രി.വ. 1200 വരെയുള്ള ഡൽഹിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തു കണ്ടെത്തലുകൾ അവതരിപ്പിക്കും.

18-ാം നൂറ്റാണ്ടിലെ അപൂർവ ചിത്രീകരണങ്ങളുള്ള മഹാഭാരത ചുരുൾ പ്രദർശിപ്പിക്കുന്ന ‘മഹാഭാരത സ്ക്രോൾ പവിലിയൻ – അനന്ത്’ ആണ് മറ്റൊരു പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *