പത്തനംതിട്ട: അവയവദാനത്തിലൂടെ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ചെറുപ്രായക്കാരി ആലിൻ ഷെറിൻ എബ്രഹാം നാളെ (ഞായർ) നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ അന്തിമവിശ്രമം. കരളും വൃക്കകളും ഹൃദയ വാൽവും നേത്രപടലങ്ങളും ദാനം ചെയ്ത് അനേകം ജീവനുകൾക്ക് പ്രത്യാശയായി മാറിയ ആലിൻ, കേരളം മുഴുവൻ അഭിമാനിക്കുന്ന അവയവദാതാവായി മാറിയിരിക്കുകയാണ്.
അമൃത ഹോസ്പിറ്റലിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പകൽ രണ്ടുവരെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് 3.30ഓടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
ഫെബ്രുവരി അഞ്ചിന് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിന് ഫെബ്രുവരി 13ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ദുഃഖത്തിന്റെ നിമിഷത്തിലും മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മഹത്തായ തീരുമാനം കൈക്കൊണ്ടു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വരെ 211 കിലോമീറ്റർ ദൂരം വെറും 3 മണിക്കൂർ 15 മിനിറ്റിൽ പിന്നിട്ടു. സംസ്ഥാനമൊട്ടാകെ പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെയായിരുന്നു അവയവങ്ങളുടെ അതിവേഗ യാത്ര.
ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കാണ് നൽകുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്രപടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് കൈമാറിയത്. കിംസിൽ എത്തിച്ച കരൾ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവയ്ക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന നിലയിൽ ആശുപത്രിയിൽ നിന്ന് ഗാർഡ് ഓഫ് ഓണർ നൽകി ആലിനെ യാത്രയാക്കിയത് ഹൃദയഭേദകമായ കാഴ്ചയായി.
കോട്ടയം–തിരുവല്ല എം.സി റോഡിൽ പള്ളം ബോർമ കവല ജംഗ്ഷൻ സമീപം ഉണ്ടായ അപകടമാണ് ദുരന്തത്തിന് കാരണം. ആദ്യം ചങ്ങനാശ്ശേരി, തിരുവല്ല ആശുപത്രികളിൽ ചികിത്സ നൽകിയ ശേഷം ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.





