ന്യൂഡൽഹി: കേരളത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത ഉറപ്പാക്കുന്ന ഏഴ് അതിവേഗ റെയിൽപാത പദ്ധതികൾക്ക് വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കുന്നതിനായുള്ള സർവേയ്ക്ക് അനുമതി ലഭിച്ചു. ആകെ 849 കിലോമീറ്റർ ദൂരത്തിലായി പുതിയ റെയിൽപാതകൾക്ക് ഇതോടെ സാധ്യത തുറന്നിരിക്കുകയാണ്. ഡിപിആർ അംഗീകരിച്ചതിന് ശേഷം സംസ്ഥാന സർക്കാർ, നീതി ആയോഗ്, കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ അന്തിമ അനുമതികളും ആവശ്യമായിരിക്കും. പദ്ധതികൾക്ക് അനുമതി ലഭിക്കുന്നത് ഘട്ടംഘട്ടമായ പ്രക്രിയയായതിനാൽ കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.
ഇതിനിടെ തിരുവനന്തപുരം–കാസർകോട് അർധ അതിവേഗ പാതയായ സിൽവർ ലൈൻ പദ്ധതിയും പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഡിപിആർ പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‌കരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ ബ്രോഡ്‌ഗേജ് പാത, ഇരട്ടപാത സമാന്തരീകരണം, യാർഡുകൾക്കും സെക്ഷനുകൾക്കും മെച്ചപ്പെട്ട ഡ്രെയ്‌നേജ് സംവിധാനം, കവച് സുരക്ഷാസംവിധാനം, പരിസ്ഥിതി സംരക്ഷണ മുൻകരുതലുകൾ, പൂർണ്ണ വൈദ്യുതീകരണം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ പുതുക്കലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റെയിൽഗതാഗത രംഗത്ത് വേഗതയും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന വലിയ മാറ്റത്തിന് ഈ നീക്കങ്ങൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.





