ചിങ്ങമാസത്തിലെ അവസാന ഞായറാഴ്‌ചയായ നാളെ ( സെപ്റ്റംബർ 13 ) ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 437 വിവാഹങ്ങൾ. സ്പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അഭൂതപൂർവ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കും.
വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ
സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്‌മാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. സമീപം മംഗള വാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിലെത്തി
വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോൾ വിവാഹ ചടങ്ങ് നടത്താം.
കല്യാണം കഴിഞ്ഞാൽ വിവാഹ സംഘംക്ഷേത്രം തെക്കേ നട വഴി മടങ്ങി
പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധുവരൻമാർ
ക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം
പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരൻ
മാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.
ദർശന ക്രമീകരണം
……..
സുഗമമായ ക്ഷേത്ര ദർശനത്തിനായി കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ചടങ്ങിനെത്തുന്നവർക്കും ദർശനത്തിനെത്തുന്ന ഭക്തർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും. മഫ്ടിയിൽ ക്ഷേത്രത്തിനകത്തും പോലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാർ, സാമൂഹ്യവിരുദ്ധർ എന്നിവരെ കർശനമായി അമർച്ച ചെയ്യാൻ പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സിസിടിവി നിരീക്ഷണം
……
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകൾ പ്രവർത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാൻ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി എടുക്കും.
കുടിവെള്ളം ലഭ്യമാക്കും
…
ക്ഷേത്രപരിസരത്ത് ഭക്തർക്കെല്ലാം യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും.
വൈദ്യസഹായം
..
അടിയന്തിര ഘട്ടത്തിൽ ഭക്തർക്ക് വൈദ്യ പരിചരണം ലഭ്യമാക്കാൻ ദേവസ്വം മെഡിക്കൽ സെൻ്ററിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ക്ഷേത്രനടയിൽ ആംബുലൻസും സജ്ജമാക്കി.
…
റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല
……
വിവാഹത്തിനും ദർശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല.
പാർക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം. ദേവസ്വം ശ്രീകൃഷ്‌ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. അടിയന്തര സന്ദർഭത്തിൽ ആംബുലൻസിനും ഫയർഫോഴ്സിനും പ്രത്യേക വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാർഗ്ഗങ്ങളായ കുന്നംകുളം -ഗുരുവായൂർ, ചൂണ്ടൽ- ഗുരുവായൂർ, ചാവക്കാട്-ഗുരുവായൂർ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്യാതി രിക്കാൻ യാത്രക്കാർ ശ്രദ്‌ധിക്കണം. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നതായി ചെയർമാൻ എ.വി ഗോപിനാഥും അഡ്‌മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും അറിയിച്ചു.





