ന്യൂഡൽഹി: ഒരു കോടി രൂപയുടെ കൈക്കൂലി കേസിൽ സിജിഎസ്ടി (CGST) ആൻഡ് സെൻട്രൽ എക്സൈസ് കമ്മീഷണറേറ്റിലെ സൂപ്രണ്ടിനെയും സിജിഎസ്ടി കൺസൾട്ടൻ്റിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ന്യൂ പൻവേലിലുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പ്രോജക്ട് ഹെഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബിഐ നടപടി സ്വീകരിച്ചത്.
നവി മുംബൈയിലെ ന്യൂ പൻവേലിലെ സെക്ടർ 17-ൽ രണ്ട് കെട്ടിടങ്ങളുടെ പുനർവികസന പദ്ധതിയാണ് കമ്പനി ഏറ്റെടുത്തിരുന്നത്. ഇതിൽ റായ്ഗഡ് കമ്മീഷണറേറ്റിന് കീഴിലുള്ള സിജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസിൻ്റെ ഉടമസ്ഥതയിലുള്ള 24 ഫ്ലാറ്റുകളും ഉൾപ്പെട്ടിരുന്നു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒരു കോടി രൂപയുടെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.





