കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ്‌സി എല്‍സ-3 (MSC Elsa-3) എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, കപ്പലിന്റെ ഉടമസ്ഥതയിലുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയെയാണ് ഒന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും കപ്പല്‍ ക്രൂ മൂന്നാം പ്രതിയുമാണ്.
അമ്പലപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. അപകടത്തിന് കാരണമായത് കപ്പലില്‍ അപകടകാരിയായ വസ്തുക്കള്‍ (സ്‌ഫോടകവസ്തുക്കള്‍, ഹാനികരമായ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് മുതലായവ) സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൈകാര്യം ചെയ്തതെന്ന പരാതിയിലാണ് കേസ്. ഇവ കടലില്‍ വീണതോടെ പരിസ്ഥിതിക്ക് വലിയ നാശം സംഭവിച്ചതായും മത്സ്യബന്ധന മേഖലയെയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗങ്ങളെയും പ്രതികൂലമായി ബാധിച്ചതായും എഫ്‌ഐആര്‍ പറയുന്നു.
മെയ് 25നാണ് ലൈബീരിയന്‍ പതാകയിലോടിയ കപ്പല്‍ കേരളതീരത്തിനു സമീപം 14.6 നോട്ടിക്കൽ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകാരികളായ വസ്തുക്കളുള്ളവയായിരുന്നു. തുടര്‍ന്ന് കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പല ഭാഗങ്ങളിലും അടിഞ്ഞിരുന്നു.
.മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും മെയ് 29-ന് തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനായിരുന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്.





