ടാസ്മാനിയ: അമേരിക്കയിലെ ന്യൂയോർക്കിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ ‘സാലി’ (Sally) എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ അധ്യാപക സഹായിയായി പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിക്കാൻ തീരുമാനിച്ചു. പരീക്ഷാ സഹായിയായി ഒരു റോബോട്ടിനെ കൊണ്ടുവരുന്ന പ്രഖ്യാപനം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ജീവൻതുളുമ്പുന്ന സിലിക്കൺ ചർമ്മവും നീളമുള്ള തവിട്ടുനിറമുള്ള മുടിയും ഉള്ള സാലിക്ക് ഇരുന്ന നിലയിൽ തന്നെ കൈകളും തലയും മുഖഭാവങ്ങളും ചലിപ്പിക്കാൻ കഴിയും. നിർമ്മാതാക്കളുടെ അവകാശവാദമനുസരിച്ച്, സ്വാഭാവിക സംഭാഷണം നടത്താനും മുഖഭാവങ്ങളിലൂടെ പ്രതികരിക്കാനും തത്സമയ ആശയവിനിമയം നടത്താനും റോബോട്ടിന് കഴിവുണ്ട്.
സാലിയെ അധ്യാപകരെ പകരംവെക്കാനല്ല, മറിച്ച് ക്ലാസ് മുറിയിലെ അധ്യാപക സഹായിയായാണ് ഉപയോഗിക്കുക. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചോദ്യങ്ങൾക്ക് ചാറ്റ്ബോട്ട് മാതൃകയിൽ മറുപടി നൽകുകയും പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും.
കൂടാതെ, ഓൺലൈൻ ഡിജിറ്റൽ അവതാർ രൂപത്തിൽ 24 മണിക്കൂറും ഏഴ് ദിവസവും വിദ്യാർത്ഥികൾക്ക് സാലിയുടെ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് കൃത്രിമ ബുദ്ധിയും (AI) റോബോട്ടിക്സും എങ്ങനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാമെന്നത് വിലയിരുത്തുന്നതിനായാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുന്നത്.





