ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ കൽക്കരി ഖനി ലേല നടപടികൾ ഖനന മേഖലയിലെ പ്രധാന പരിഷ്‌കാരമായി മാറിയതായി കേന്ദ്ര സർക്കാർ. സുതാര്യമായ ഖനിവിതരണം, നിക്ഷേപം, മത്സരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് 2020 ജൂണിൽ ആരംഭിച്ച ലേല സംവിധാനം.
2014ൽ സുപ്രീം കോടതി 204 കൽക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് കൽക്കരി അനുവദിക്കൽ ചട്ടാധിഷ്ഠിത നടപടിയിലേക്ക് മാറിയത്. 2020 മുതൽ ഒമ്പത് സംസ്ഥാനങ്ങളിലായി 147 കൽക്കരി ഖനികൾ ലേലം ചെയ്തു. 44 പുതിയ കമ്പനികൾക്ക് ഖനികൾ ലഭിച്ചു.
ലേലം ചെയ്ത ഖനികളിലൂടെ പ്രതിവർഷം ഏകദേശം 47,500 കോടി രൂപയുടെ വരുമാനവും 55,000 കോടി രൂപയുടെ മൂലധന നിക്ഷേപവും 4.9 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. 2025–26 സാമ്പത്തിക വർഷത്തിൽ വാണിജ്യ ഖനികളിൽനിന്നുള്ള മുൻകൂർ, പ്രീമിയം ഇനങ്ങളിലെ വരുമാനം ഏകദേശം 3,090 കോടി രൂപയായി.
വാണിജ്യ ഖനികളിലെ കൽക്കരി ഉൽപ്പാദനം 2023–24ൽ 12.55 ദശലക്ഷം ടണ്ണായിരുന്നത് 2024–25ൽ 23.51 ദശലക്ഷം ടണ്ണായി ഉയർന്നു. ക്യാപ്റ്റീവ്, വാണിജ്യ ഖനികൾ ഉൾപ്പെടെയുള്ള ഉൽപ്പാദനം 2025–26ൽ ആദ്യമായി 200 ദശലക്ഷം ടൺ കടന്ന് 210 ദശലക്ഷം ടണ്ണിലെത്തി.
സ്വകാര്യ കമ്പനികൾക്കൊപ്പം കോൾ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും ലേലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ മത്സരം ശക്തമായി. റോയൽറ്റി, ജില്ലാ മിനറൽ ഫൗണ്ടേഷൻ (ഡിഎംഎഫ്), ദേശീയ ധാതു പര്യവേക്ഷണ ട്രസ്റ്റ് (എൻഎംഇടി) തുടങ്ങിയ വരുമാന സംവിധാനങ്ങളിലൂടെ കൽക്കരി ഉൽപ്പാദക സംസ്ഥാനങ്ങൾക്കും ഖനനമേഖലയിലെ ജനവിഭാഗങ്ങൾക്കും നേട്ടമുണ്ടാകുന്നതായും സർക്കാർ വ്യക്തമാക്കി.





