Education Kerala News Politics

മാലിന്യസംസ്‌കരണത്തിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കി കേരളത്തിൻ്റെ ഇക്കോസെൻസ് പദ്ധതി

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള അവബോധവും ഹരിത നൈപുണ്യവും വളർത്താനായി സ്വച്ഛ് ഭാരത് മിഷൻ–അർബൻ 2.0യുടെ ഭാഗമായി കേരളം നടപ്പാക്കുന്ന ഇക്കോസെൻസ് പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡൻ്റ് ഗ്രീൻ ബ്രിഗേഡ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാക്കുകയാണ് ലക്ഷ്യം.

50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഇതിനകം 46,000ത്തോളം സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മാലിന്യസംസ്‌കരണം, മാലിന്യത്തിൻ്റെ ഉറവിടത്തിൽ നിന്ന് വേർതിരിക്കൽ, പുനരുപയോഗം, വിഭവസംരക്ഷണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും 1,500 രൂപ സ്കോളർഷിപ്പും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാമപഞ്ചായത്തിൽനിന്ന് 50, മുനിസിപ്പാലിറ്റിയിൽനിന്ന് 75, കോർപ്പറേഷനിൽനിന്ന് 100 വിദ്യാർഥികളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കും വിവിധ വിഭാഗങ്ങളിലായി പദ്ധതിയിൽ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *