ന്യൂഡൽഹി: പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്ക് നാശനഷ്ടമുണ്ടായ നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. സെപ്റ്റംബർ 13 മുതൽ ഡിസംബർ 31 വരെ പ്രതിദിനം 18 മണിക്കൂർ വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം അനുമതി നൽകി.
മുസഫർപുർ–ധൽക്കേബാർ 400 കെവി ഡബിൾ സർക്യൂട്ട് ലൈനിലൂടെ പരമാവധി 600 മെഗാവാട്ടും ടനക്പുർ–മഹേന്ദ്രനഗർ 132 കെവി സിംഗിൾ സർക്യൂട്ട് ലൈനിലൂടെ 54 മെഗാവാട്ടും വൈദ്യുതി നൽകും.
പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. 2027 ജനുവരി മുതലുള്ള വൈദ്യുതി കയറ്റുമതിയുടെ അളവ് 2026 ഡിസംബറിൽ പുനഃപരിശോധിക്കും.
നേപ്പാളിൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഊർജ സഹകരണം ശക്തിപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.





