ന്യൂഡൽഹി: ആയുഷ് മേഖലയിലെ വളർച്ചയും പരമ്പരാഗത ചികിത്സാരീതികളോടുള്ള ആഗോള താൽപര്യവും വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയേറുന്നു. ഗവേഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവയിലൂടെ ആയുർവേദത്തെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം.
“ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 23ന് 11-ാമത് ആയുർവേദ ദിനം ആചരിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. 2014ൽ 2.85 ബില്യൺ യുഎസ് ഡോളറായിരുന്ന ആയുഷ് മേഖലയിലെ വിപണി 2023ൽ 43.4 ബില്യൺ ഡോളറായി വളർന്നു. ഇതേ കാലയളവിൽ ആയുഷ് കയറ്റുമതി 1.09 ബില്യൺ ഡോളറിൽനിന്ന് 2.16 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
2022–23ലെ സർക്കാർ സർവേയിൽ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആയുഷ് ചികിത്സാരീതി ആയുർവേദമാണെന്ന് കണ്ടെത്തിയിരുന്നു. വിദേശികൾക്ക് ആയുഷ് ചികിത്സയ്ക്കായി 2023ൽ പ്രത്യേക ആയുഷ് വിസയും ഇന്ത്യ ആരംഭിച്ചു.
ആയുർവേദത്തിൻ്റെ ആഗോള വളർച്ച ലക്ഷ്യമിട്ട് നീതി ആയോഗ് 2026 ജൂലൈയിൽ പുറത്തിറക്കിയ തന്ത്രപ്രധാന റോഡ്‌മാപ്പിൽ ഗവേഷണം, നിയന്ത്രണം, വിദ്യാഭ്യാസം, കയറ്റുമതി, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത ചികിത്സാ തന്ത്രവുമായി ചേർന്നാണ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ആയുർവേദത്തിൻ്റെ ആഗോള സ്വീകാര്യത ഉറപ്പാക്കാൻ ശാസ്ത്രീയ തെളിവുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, പരിശീലനം നേടിയ പ്രൊഫഷണലുകൾ എന്നിവ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.





