ചമോലി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ശൈത്യകാലത്തോടനുബന്ധിച്ച് ഇന്ന് അടച്ചു. പ്രത്യേക പൂജകളും വേദമന്ത്രോച്ചാരണങ്ങളും പരമ്പരാഗത ആചാരങ്ങളും നടത്തിയ ശേഷമാണ് ക്ഷേത്രത്തിൻ്റെ നടയടച്ചത്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചോപ്ത മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,680 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടയടയ്ക്കൽ ചടങ്ങിൻ്റെ ഭാഗമായി ക്ഷേത്രം പുഷ്പങ്ങളാൽ അലങ്കരിച്ചിരുന്നു.
പരമ്പരാഗത ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ പൂജാരി വേദപതി അഭിഷേക് മൈത്താനി പ്രത്യേക പ്രാർത്ഥനകളും പൂജകളും നിർവഹിച്ചു. ശൈത്യകാലം അവസാനിക്കുന്നതുവരെ ക്ഷേത്രം അടഞ്ഞുകിടക്കും.





