India News

ശക്തമായ മഴ; മഹാരാഷ്ട്രയിൽ മരണസംഖ്യ ഉയരുന്നു, വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത

ന്യൂഡൽഹി: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൺസൂൺ മഴയിൽ ഇന്നും വ്യാപക നാശനഷ്ടം. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം താറുമാറായിരിക്കുകയാണ്. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഗതാഗത തടസ്സം എന്നിവയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ആഘാതം നേരിട്ട മഹാരാഷ്ട്ര പൂനെയിൽ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണസംഖ്യ 13 ആയി. മുംബൈ, താനെ, റായ്ഗഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ മഴയ്ക്കിടെ പാറ വീണ് 14 വയസുകാരി മരിച്ചു. ജമ്മു-കശ്മീരിൽ മിന്നൽവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി റോഡുകൾ തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

അതെസമയം ഒഡിഷയിലെ നിരവധി പട്ടണങ്ങൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റെയിൽ, റോഡ്, വ്യോമ ഗതാഗത സേവനങ്ങളും മഴയെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട സാഹചര്യമാണുള്ളത്.

വരും ദിവസങ്ങളിലും രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *