ന്യൂഡൽഹി: ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പുറപ്പെട്ടു. ജൂലൈ 6 മുതൽ 11 വരെയാണ് സന്ദർശനം.
ആദ്യഘട്ടത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഇന്തോനേഷ്യ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കുകയും പ്രസിഡൻ്റ് പ്രബോവോയ്‌ക്കൊപ്പം യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും.
തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആ ണി അൽബനീസിൻ്റെ ക്ഷണപ്രകാരം മെൽബണിലെത്തുന്ന മോദി, പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിൻ്റെ അവസാനഘട്ടത്തിൽ ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തിക, വ്യാപാര, വാണിജ്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയം, ‘മഹാസാഗർ’ (MAHASAGAR) ദർശനം, കൂടാതെ സ്വതന്ത്രവും സുതാര്യവുമായ ഇൻഡോ-പസഫിക് മേഖലയെന്ന ലക്ഷ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.





