
ജക്കാർത്ത: മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ നേരിട്ട് വിമാനത്താവളത്തിലെത്തിയത് ശ്രദ്ധേയമായി.

ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്ന് ഇന്തോനേഷ്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടിയും നൽകിയിരുന്നു. ജക്കാർത്തയിൽ എത്തിയ മോദിയെ പരമ്പരാഗത സാംസ്കാരിക പരിപാടിയോടെയാണ് സ്വീകരിച്ചത്.
2018-ൽ ഇന്ത്യയും ഇന്തോനേഷ്യയും ഉഭയകക്ഷി ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി (Comprehensive Strategic Partnership) ഉയർത്തിയതായും അതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായ സഹകരണം വളർന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സന്ദർശനത്തിനിടെ പ്രസിഡൻ്റ് പ്രബോവോയുമായി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇരുനേതാക്കളും യോഗ്യകാർത്തയിലെ ചരിത്രപ്രസിദ്ധമായ പ്രംബനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുമെന്നും, ഇത് ഇന്ത്യ-ഇന്തോനേഷ്യ സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.




