India News Politics

ശ്യാമ പ്രസാദ് മുഖർജി, ദേശീയ ഐക്യത്തിനായി ജീവിതം സമർപ്പിച്ച നേതാവ്: പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ജീവിതം സമർപ്പിച്ച ദീർഘദർശിയായ നേതാവായിരുന്നു ശ്യാമ പ്രസാദ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

രാജ്യത്തിന് “നേഷൻ ഫസ്റ്റ്” എന്ന കാഴ്ചപ്പാട് നൽകിയ നേതാക്കളിൽ ഒരാളായ ശ്യാമപ്രസാദ് മുഖർജിയുടെ ആശയങ്ങൾ ആധുനിക ഇന്ത്യയുടെ വികസനത്തിന് ഇന്നും വഴികാട്ടുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി രണ്ടുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1947-ലെ വിഭജനകാലത്ത് പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമായിത്തന്നെ തുടരുന്നതിൽ ശ്യാമ പ്രസാദ് മുഖർജിയുടെ പങ്ക് നിർണായകമായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. “ഒരു രാജ്യം, ഒരു ഭരണഘടന” എന്ന ആശയത്തിന് വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടതായും, ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അദ്ദേഹത്തിൻ്റെ സ്വപ്നസാക്ഷാത്കാരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് കൊൽക്കത്ത സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായി പ്രവർത്തിച്ച ശ്യാമ പ്രസാദ് മുഖർജി ഇന്ത്യൻ ഭാഷകൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സംവിധാനത്തിനാണ് പ്രാമുഖ്യം നൽകിയതെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിൽ ആ ദർശനം പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖർജി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്, ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി ഫെർട്ടിലൈസർ പ്ലാൻ്റ്, ഐഎഫ്‌സിഐ എന്നിവയുൾപ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രസ്ഥാനങ്ങൾ രാജ്യത്തിൻ്റെ വ്യവസായ-സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയതായും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *