ലോസാൻ: ലോസാൻ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. ഒരു വർഷത്തിന് ശേഷം തൻ്റെ മികച്ച പ്രകടനം നീരജ് കാഴ്ചവെച്ചെങ്കിലും ശ്രീലങ്കയുടെ യുവതാരം റുമേഷ് പതിരഗെയോട് വെറും ഒൻപത് സെൻ്റി മീറ്ററിന് ഒന്നാം സ്ഥാനം നഷ്ടമാകുകയായിരുന്നു.
28കാരനായ നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 88.05 മീറ്റർ ദൂരംഎറിഞ്ഞാണ് ഒമ്പത് താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗിൽ കുറിച്ച 88.16 മീറ്ററിന് ശേഷം നീരജിൻ്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ സീസണിലെ താരത്തിൻ്റെ ഏറ്റവും മികച്ച ദൂരവും 88.05 മീറ്ററാണ്.
എന്നാൽ മികച്ച ഫോമിൽ തുടരുന്ന 23കാരനായ റുമേഷ് പതിരഗെ മൂന്നാം ശ്രമത്തിൽ 88.14 മീറ്റർ എറിഞ്ഞ് നീരജിനെ മറികടന്നു. വെറും ഒൻപത് സെൻ്റി മീറ്ററിൻ്റെ വ്യത്യാസത്തിലാണ് പതിരഗെ ലോസാൻ ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കിയത്.
ഈ സീസണിലെ മികച്ച പ്രകടനങ്ങൾ തുടരുന്ന പതിരഗെയുടെ ഉയർച്ചയ്ക്ക് ലോസാനിലെ വിജയം കൂടുതൽ കരുത്തേകുന്നതാണ്. വരാനിരിക്കുന്ന പ്രധാന അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് മുന്നോടിയായി നീരജിൻ്റെ മികച്ച പ്രകടനങ്ങളും പ്രതീക്ഷ നൽകുന്നുണ്ട്.





