
ന്യൂഡൽഹി: സർക്കാർ നയങ്ങളിലെ സ്ഥിരത സംരംഭകർക്കും നിക്ഷേപകർക്കും ആത്മവിശ്വാസം നൽകുന്നതിൽ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിലെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ സിഇഒയുമായുള്ള ആശയവിനിമയത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളിൽ സ്ഥിരത ഉറപ്പാക്കണമെന്നും തീരുമാനങ്ങൾ നിരന്തരം മാറ്റാതിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ മേഖലകളിൽ അപകടസാധ്യത ഏറ്റെടുക്കാൻ സംരംഭകർക്ക് ആത്മവിശ്വാസം നൽകുകയാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും തിരിച്ചടി നേരിട്ടാലും സർക്കാർ കൈവിടില്ലെന്ന വിശ്വാസം സംരംഭകർക്ക് ഉണ്ടാകേണ്ടത് പ്രധാനമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ ആദ്യ സ്പേസ് ടെക് യൂണികോൺ ആണ് സ്കൈറൂട്ട് എയ്റോസ്പേസെന്ന് സിഇഒ പറഞ്ഞു. ജൂലൈ 18ന് ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അടുത്ത വർഷം മധ്യത്തോടെ പ്രതിമാസം ഒരു വിക്ഷേപണം നടത്തുകയാണ് ലക്ഷ്യമെന്ന് സിഇഒ പറഞ്ഞു. ഇതിനായി മൂന്ന് ഫാക്ടറികൾ ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും പ്രതിമാസം ഒരു റോക്കറ്റ് നിർമിക്കാനുള്ള ശേഷി നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീർഘകാല ലക്ഷ്യം ആഴ്ചയിൽ ഒരു വിക്ഷേപണവും പിന്നീട് പ്രതിദിനം ഒന്നിലധികം വിക്ഷേപണങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ആധുനിക റോക്കറ്റ് എൻജിനുകളിൽ ഒന്നിന് സമാനമായ എൻജിൻ വികസിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പരീക്ഷണം പുരോഗമിക്കുകയാണെന്നും സിഇഒ അറിയിച്ചു.
സ്കൈറൂട്ടിന്റെ ആദ്യ വിക്ഷേപണത്തിന് ശേഷം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖല തുറന്നുകൊടുത്തത് കമ്പനിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായെന്നും സിഇഒ വ്യക്തമാക്കി.
ബഹിരാകാശ മേഖല തുറന്നതോടെ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തി ഈ മേഖലയുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളിലും ബഹിരാകാശ സ്ഥാപനങ്ങളിലും പ്രവർത്തിക്കാൻ ലോകമെമ്പാടുമുള്ള പ്രതിഭകൾ എത്തുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.
വിദേശത്തേക്ക് പോയ ഇന്ത്യൻ പ്രതിഭകൾ തിരിച്ചെത്തുന്നത് രാജ്യത്തിന്റെ വലിയ ശക്തിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത 18 മാസത്തിനുള്ളിൽ ആഗോള ഗ്രൗണ്ട് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കുകയാണ് സ്കൈറൂട്ടിന്റെ ലക്ഷ്യമെന്നും സിഇഒ അറിയിച്ചു.




