Court India Kerala Law News

സുപ്രീംകോടതി പ്രത്യേക ലോക് അദാലത്ത്: ആദ്യദിനം 400ലേറെ കേസുകൾ തീർപ്പാക്കി

ന്യൂഡൽഹി: തർക്കങ്ങൾ സൗഹാർദപരമായി പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പ്രത്യേക ലോക് അദാലത്തിൻ്റെ ആദ്യദിനം സുപ്രീംകോടതി 400ലേറെ കേസുകൾ തീർപ്പാക്കി. ‘സമാധാൻ സമാരോഹ്’ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യദിനം 600ലേറെ കേസുകളാണ് 16 പ്രത്യേക ലോക് അദാലത്ത് ബെഞ്ചുകൾക്ക് മുമ്പാകെ പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയത്. രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വീതം ഉൾപ്പെട്ടതാണ് ഓരോ ബെഞ്ചും. മുതിർന്ന അഭിഭാഷകർ, അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ്, മറ്റ് അഭിഭാഷകർ എന്നിവരും നടപടികളിൽ പങ്കെടുത്തു.

ഓഗസ്റ്റ് 21ന് ആരംഭിച്ച പ്രത്യേക ലോക് അദാലത്ത് ഓഗസ്റ്റ് 23 വരെ തുടരും. പരസ്പര ധാരണയിലൂടെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും ദീർഘകാല നിയമനടപടികൾ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ലോക് അദാലത്തിൻ്റെ ലക്ഷ്യം.

ബദൽ തർക്കപരിഹാര സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുമുള്ള സുപ്രീംകോടതിയുടെ നടപടികളുടെ ഭാഗമായാണ് പ്രത്യേക ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *