കൊച്ചി: ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതിനെതിരെ ശക്തമായ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതിയുടെ ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. “നിരത്ത് നിറയെ ബോർഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല,” എന്നാണ് കോടതിയുടെ കടുത്ത വിമർശനം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. “ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്, അതു രാഷ്ട്രീയ പാർട്ടികൾക്കു മനസിലാകുന്നില്ല” എന്ന് കോടതി കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിരന്തരം ഉയരുകയാണ്, സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും കോടതി ആരോപിച്ചു.
“സർക്കാരിന്റെ ഉത്തരവുകൾ പോലും സർക്കാർ നടപ്പാക്കുന്നില്ല, ഇതിലൂടെ കേരളം കൂടുതൽ മലിനമാകുകയാണ്” എന്നും “നിയമവാഴ്ച ഇല്ലെന്നു സർക്കാർ അംഗീകരിക്കുമോ?” എന്നും ഹൈക്കോടതി ചോദിച്ചു. “ടൺ കണക്കിനു ബോർഡുകൾ മാറ്റുമ്പോഴും അതിൽ കൂടുതൽ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നു” എന്ന് കോടതി കടുത്ത നിലപാട് അറിയിച്ചു. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.





