Kerala News

വെഞ്ഞാറമൂട് കൂട്ടക്കൊല: തെളിവെടുപ്പിന് മുമ്പ് പ്രതി അഫാൻ സ്റ്റേഷനിൽ കുഴഞ്ഞു വീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദ വ്യതിയാനമാണ് കുഴഞ്ഞു വീഴാനുള്ള കാരണം എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു ശേഷം അഫാന്റെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ പൊലീസ്, വീണ്ടും സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അഫാൻ പെട്ടെന്നു കുഴഞ്ഞു വീണത്.

ഇത് മനഃപൂർവമായ നടപടിയാണോ എന്ന സംശയം പൊലീസിനുണ്ട്. അഫാനെ തെളിവെടുപ്പിന് കൊണ്ടുപോകാൻ തയ്യാറായിരിക്കെയാണ് ഈ സംഭവമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊലപ്പെടുത്തിയ ഉമ്മൂമ സൽമാ ബീവിയുടെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിനായി പോകാൻ തീരുമാനിച്ചിരുന്നത്.

അഫാൻ സ്റ്റേഷനിൽ മൊഴി നൽകുമ്പോഴും ആദ്യം നൽകിയ മൊഴിയിൽ ഉറച്ചുനിന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന്റെ പിന്നാലെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *