Kerala News

കൊച്ചി മെട്രോ സ്മാർട്ട് സിറ്റിയിലേക്കും; രണ്ടാം ഘട്ട വിപുലീകരണത്തിന് അംഗീകാരം, മൂന്നാം ഘട്ട ഡിപിആർ മാർച്ചിൽ

കൊച്ചി: ഐടി ഹബ്ബായ കാക്കനാട് മേഖലയിലെ വികസനത്തിന് കൂടുതൽ വേഗം പകരുന്ന രീതിയിൽ, കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കിന് അപ്പുറം സ്മാർട്ട് സിറ്റിയിലേക്ക് നീട്ടാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാർത്താ സമ്മേളനത്തിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട പാതയ്ക്കായി ആവശ്യമായ സ്ഥലം കണ്ടെത്തൽ നടപടികൾ പൂർത്തിയായതായും, ഭൂമി കൈമാറുന്നതിനുള്ള തുടർനടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നും കെഎംആർഎൽ അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം, ഇതിൽ അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണം ജൂലൈയിൽ തന്നെ പൂർത്തിയാക്കും.

ജെഎൽഎൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള പാതയിൽ സ്മാർട്ട് സിറ്റിയും ഉൾപ്പെടുന്നതോടെ, ആയിരക്കണക്കിന് ഐടി ജീവനക്കാർക്കും ദിവസേന യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാകും. ഇതോടൊപ്പം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) മാർച്ച് 14-ന് സമർപ്പിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. മൂന്നാം ഘട്ടത്തിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും, രാജഗിരി എഞ്ചിനീയറിംഗ് കോളേജിന്റെ സാങ്കേതിക പിന്തുണയും പദ്ധതിക്കുണ്ടാകുമെന്നും വ്യക്തമാക്കി. വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും പുതിയ ഘട്ടങ്ങൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *