India News

‘വിദ്യാഭ്യാസം പരീക്ഷയ്ക്കായി മാത്രമല്ല, ജീവിതത്തിനായി’; പരീക്ഷാ പേ ചർച്ച 2026ൽ പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ച (PPC) 2026ന്റെ ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ നടന്ന അനൗപചാരിക സംഭാഷണത്തിൽ ‘എക്സാം വാരിയേഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാർത്ഥികളോടാണ് പ്രധാനമന്ത്രി മനസ്സുതുറന്ന് സംസാരിച്ചത്. വിദ്യാഭ്യാസം പരീക്ഷ ജയിക്കാനുള്ള ഉപാധി മാത്രമല്ല, ജീവിതത്തെ നേരിടാനുള്ള കരുത്താണ് എന്നതാണ് പരിപാടിയുടെ കേന്ദ്രസന്ദേശമെന്ന് മോദി പറഞ്ഞു. സ്വയം വിലയിരുത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുകൾ എന്നിവരിൽ നിന്ന് വ്യത്യസ്ത നിർദേശങ്ങൾ ലഭിക്കുമ്പോൾ ആശയക്കുഴപ്പം സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ജീവിതമുഴുവൻ തുടരുന്ന ഒന്നാണെന്നും പ്രധാനമന്ത്രി എന്ന നിലയിലുപോലും തനിക്ക് വ്യത്യസ്ത ഉപദേശങ്ങൾ ലഭിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോരുത്തർക്കും അവരവരുടെ ശൈലിയും താളവും ഉണ്ടെന്ന് വിശദീകരിച്ച മോദി, ചിലർ രാത്രി പഠിക്കുമ്പോൾ ചിലർ അതിരാവിലെ പഠിക്കാൻ ഇഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ നിർദേശങ്ങൾ ശ്രദ്ധയോടെ കേൾക്കണം, എന്നാൽ സ്വന്തം അനുഭവത്തിലൂടെ ശരിയെന്ന് തോന്നുന്ന വഴിയാണ് പിന്തുടരേണ്ടതെന്നും, സ്വന്തം രീതിയിൽ വിശ്വാസം പുലർത്തുന്നതിലാണ് യഥാർത്ഥ വിജയം എന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *