Kerala News

ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചു; ബോബി ചെമ്മണൂർ ജയിൽ വിട്ടു, നാടകീയ നീക്കങ്ങൾ തുടരുന്നു

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് മോചിതനായി. ഇന്ന് രാവിലെ 9.50ന് ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ശ്രദ്ധയെത്തുടർന്നാണ് ഇയാളെ ഇന്ന് പുറത്തുവിട്ടത്.

മാധ്യമങ്ങളോട് സംസാരിച്ച ബോബി, സഹതടവുകാരെ സഹായിക്കാൻ ഒരുദിവസം കൂടി ജയിലിൽ തുടരാനായിരുന്നുവെന്ന് വ്യക്തമാക്കി. ജാമ്യം ലഭിച്ചിട്ടും പിഴയടയ്ക്കാൻ പറ്റാത്ത 16ത്തോളം തടവുകാരെ സഹായിക്കാനായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജയിലിൽ തുടർന്നത് കോടതിയലക്ഷ്യമാണോ എന്ന ചോദ്യത്തിന്, ഇത് കോടതിയലക്ഷ്യമല്ലെന്നും ജാമ്യത്തിന്റെ രേഖകൾ ഇന്ന് ലഭിച്ചുവെന്നുമായിരുന്നു ബോബിയുടെ മറുപടി.

അതേസമയം, ബോബി ചെമ്മണൂരിന്റെ കേസ് ഇന്ന് രാവിലെ 10.15ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പ്രതിഭാഗം അഭിഭാഷകരോടും മറ്റു ബന്ധപ്പെട്ടവരോടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാക്കനാട് ജയിലിന് പുറത്ത് ബോബിയുടെ അനുയായികൾ നടത്തിയ പരാമർശങ്ങൾ ഹൈക്കോടതിയിൽ അതൃപ്തി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *