ന്യൂഡൽഹി: ചോദ്യപേപ്പറുകളിലെ പിഴവിനെ തുടർന്ന് മൂന്ന് യുജിസി-നെറ്റ് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിൽ വിമർശനം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 50-ലധികം ജീവനക്കാരെ നീക്കം ചെയ്തു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ പരിഷ്‌കരണം ആരംഭിക്കാൻ എൻടിഎ ശുപാർശ ചെയ്തിട്ടുണ്ട്.
പ്രധാന നേതൃത്വ സ്ഥാനങ്ങളിലേക്ക് വിദഗ്ധരെയും പ്രൊഫഷണലുകളെയും നിയമിച്ചുകൊണ്ടാണ് പരീക്ഷാ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ പരീക്ഷകളിൽ പിഴവുകൾ ഉണ്ടാകാതിരിക്കാനും നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ നീക്കം.
ഞായറാഴ്ച രാത്രി മൂന്ന് UGC-NET വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് NTA പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധം ശക്തമായത്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ NTA പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒറുപാട് പരീക്ഷകളിൽ ആവർത്തിച്ചുള്ള വീഴ്ചകൾ വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും കരിയർ പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അതേസമയം, വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് നടപടികൾ സ്വീകരിച്ചതെന്ന് എൻടിഎ വൃത്തങ്ങൾ വ്യക്തമാക്കി. ഭാവിയിലെ എല്ലാ പരീക്ഷകളും നീതിപൂർവവും പിഴവുകളില്ലാതെയും നടത്തുന്നതിനായി ആഭ്യന്തര നടപടിക്രമങ്ങളും പരീക്ഷാ പ്രോട്ടോക്കോളുകളും പുനഃപരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.





