India Kerala News Politics Sports

സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗുരുതര വീഴ്ച; കായിക മന്ത്രി രാജിവെക്കണം

അക്വാറ്റിക്സ് കോംപ്ലക്സിലെ അപകടം സർക്കാരിന്റെ അനാസ്ഥയുടെ തെളിവ് — അഡ്വ. കെ.കെ. അനീഷ് കുമാർ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശ്ശൂർ അക്വാറ്റിക്സ് കോംപ്ലക്സിൽ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ സർക്കാരിന്റെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഗെയിംസ് വേദിക്ക് സമീപം പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടർന്ന് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.

തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്കൂൾ ഗെയിംസ് തൃശ്ശൂരിൽ നടത്തിയത് ആവശ്യമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണെന്ന് അഡ്വ. കെ.കെ. അനീഷ് കുമാർ ആരോപിച്ചു. കായികതാരങ്ങൾക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇത്രയും വലിയ കായികമേള നടക്കുമ്പോൾ സാധാരണ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിക്കാറുണ്ട്. എന്നാൽ ഇത്തവണ വാർഡ് മെമ്പറെ പോലും അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

500-ലേറെ കായികതാരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാനതല മത്സരമാണ് ഇത്രയും ഗുരുതരമായ വീഴ്ചകളോടെ നടത്തിയത്. കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ സ്വന്തം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് പോലും മര്യാദയ്ക്ക് നടത്താൻ കഴിയാത്ത മന്ത്രിയാണ് അദ്ദേഹം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം നാടുചുറ്റിക്കാണുന്നതിലാണ് മന്ത്രിക്ക് താൽപര്യമെന്നും അനീഷ് കുമാർ വിമർശിച്ചു.

അക്വാറ്റിക്സ് കോംപ്ലക്സ് വൃത്തിയാക്കുന്നതിൽ പോലും അധികൃതർ പരാജയപ്പെട്ടു. ഇത്രയധികം കായികതാരങ്ങളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിക്കായി ഒരുക്കിയ പന്തലിന്റെ ഷീറ്റുകൾ പോലും സുരക്ഷിതമായി ഉറപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല. ഇതിന്റെ ഫലമായാണ് അപകടമുണ്ടായി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സംഘാടനമാണ് ഇത്തവണ ഉണ്ടായതെന്ന് മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികളും രക്ഷിതാക്കളും പരാതിപ്പെട്ടതായി അനീഷ് കുമാർ പറഞ്ഞു. കേരളത്തിലെ കായികതാരങ്ങൾക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും സർക്കാർ നൽകാത്ത സാഹചര്യത്തിലാണ് നിരവധി പ്രതിഭകൾ മറ്റു സംസ്ഥാനങ്ങൾക്കായി മത്സരിക്കേണ്ടിവരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കായികതാരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സൗകര്യങ്ങളും കേരളത്തിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ജീവൻവെച്ചുള്ള ഇത്തരം അനാസ്ഥകൾ അനുവദിക്കില്ല. അക്വാറ്റിക്സ് കോംപ്ലക്സിലെ അപകടത്തിലേക്ക് നയിച്ച വീഴ്ചകൾ ഉൾപ്പെടെ മുഴുവൻ സംഭവത്തിലും ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കണം. കായിക മന്ത്രി ഒ.ജെ. ജനീഷ് രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി കൂടുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അഡ്വ. കെ.കെ. അനീഷ് കുമാർ മുന്നറിയിപ്പ് നൽകി.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, സബീഷ് മരതയൂർ, എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായ പ്രിന്റു മഹാദേവ്, ഷൈജൻ നമ്പനത്ത്, പ്രവീൺ പേനിക്കാട്ട് റോഷൻ എൻ.ആർ., മുരളി കൊളങ്ങാട്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ ജെയിംസ്, കൗൺസിലർ മാരായ അഡ്വ. രേഷ്മ മേനോൻ, കൃഷ്ണ മോഹൻ മണ്ഡലം പ്രസിഡന്റുമാരായ വിപിൻ ഐനിക്കുന്നത്ത്, വിശ്വൻ എം.ആർ., അശ്വിൻ വാര്യർ, ധനേഷ് കെ.എസ്., ശ്രീരാജ്, പ്രശാന്ത് എൻഎച്ച്, അമൃത ശ്രീജിത്ത്, നന്ദകുമാർ, അഞ്ജലി എടക്കാട്ടിൽ, പ്രിയ അനിൽ, നിമേഷ് പി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *