Kerala News

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച) തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും അതിജീവിത മൊഴി നല്‍കിയിരുന്നു.

ഭീഷണിപ്പെടുത്തിയിരുന്നെന്നും ഭയംകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പറഞ്ഞിരുന്നു. മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്നും മൊഴിയിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഒന്നിടവിട്ട തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ മറ്റേതെങ്കിലും വ്യക്തി മുഖേനയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. 50,000 രൂപയും കെട്ടിവയ്ക്കണം.ആദ്യം രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 15ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *