ന്യൂഡൽഹി: സിപിഎം മുൻ നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഋഷികേശ് റോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടതെന്ന് വ്യക്തമാക്കി.
ക്രിസ്തുമത വിശ്വാസിയായ ഒരാളുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി നൽകുന്നതിന് നിയമപരമായ തടസമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിൽ പരമാവധി ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ നടപടിയിൽ പിഴവൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നായിരുന്നു ആശ ലോറൻസ് ഹർജിയിൽ ഉന്നയിച്ച വാദം. പിതാവിന്റെ സംസ്കാരം മതപരമായ ചടങ്ങുകളോടെ നടത്തണമെന്ന് ആശ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ ടോം ജോസഫും കൃഷ്ണനുണ്ണിയും ആശയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നു.





