തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് പാര്‍ലമെൻ്റ് അംഗം സുരേഷ് ഗോപി. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്.
23.5 ലക്ഷം രൂപ ചെലവില്‍ ഔട്ട് ഡോര്‍ ജിം ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, കുടിവെള്ള സൗകര്യം, എന്നിവ പ്രധാന സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ആരോഗ്യ സംരക്ഷണ മേഖലകളിലെ വികസന പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതിൻ്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന് കീഴില്‍ മൊബൈല്‍ ഡിസ്പന്‍സറിക്ക് വാഹനം വാങ്ങുന്നതിനായി 20.23 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
തൃശൂര്‍ കോര്‍പ്പറേഷൻ്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയും ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. മിഷന്‍ ക്വാര്‍ട്ടേഴ്സ്, അയ്യന്തോള്‍, പൂങ്കുന്നം, ഉദയനഗര്‍, മറ്റ് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം ഹൈ-മാസ്റ്റ്, ലോ-മാസ്റ്റ് ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി പൂങ്കുന്നം പള്ളിയുടെ ഭാഗത്തായി 9.45 ലക്ഷം ചെലവഴിച്ച് നടപ്പാതയും നിര്‍മ്മിച്ച് നല്‍കി.
അതെസമയം തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ആധുനിക ലബോറട്ടറി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 33 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇതുവരെയും പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
പൗരന്മാര്‍ക്ക് വേണ്ടി പൊതു സൗകര്യങ്ങളും പ്രത്യേകം സേവനങ്ങളും ശക്തിപ്പെടുത്താന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് എംപി മണ്ഡലത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.





