Kerala News Politics

നാട്ടിക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് അന്തർധാര: ഷാജുമോൻ വട്ടേക്കാട്

നാട്ടിക നിയോജക മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അന്തർധാര സജീവമാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട് തൃശ്ശൂരിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു.

നാട്ടിക നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീത ഗോപി മുമ്പ് എംഎൽഎയായിരുന്ന സമയത്ത് 2019 ജൂലൈ 27ന് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ചേർപ്പ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. സമരത്തിന് ശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സമരം ചെയ്ത സ്ഥലത്ത് ചാണക വെള്ളം തളിക്കുകയും ചൂലുകൊണ്ട് അടിക്കുകയും ചെയ്തു. അന്ന് തന്നെ എംഎൽഎ ആയിരുന്ന ഗീത ഗോപി ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 28-7-2019ൽ ചേർപ്പ് പോലീസ് 404/2019 ആയി കേസ് രജിസ്റ്റർ ചെയ്തു പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമവും ഐപിസി വകുപ്പ് കളും ചേർത്ത് 11 യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതികളാണ്. 10-2-2020ൽ SC /188/2020ന് ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2023ന് ഗീത ഗോപി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതികളായ കേസ്സ് പിൻ വലിക്കുകയും 6497/2023 നമ്പർ ആയി അഫിഡവിറ്റ് നൽകുകയും 2025 ജൂലൈ 1ന് മേൽപറഞ്ഞ കേസ് ഹൈക്കോടതി റദാക്കുകയും ചെയ്തു.

പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസ് പിൻവലിച്ചത് ഗീത ഗോപിയും കോൺഗ്രസ്സും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമാണ്. നാട്ടികയിൽ കോൺഗ്രസ്സും സിപിഐ യും തമ്മിലുള്ള ധാരണ എന്താണെന്ന് സിപിഐ ജില്ലാ നേതൃത്വവും കോൺഗ്രസ്സ് നേതൃത്വവും വ്യക്തമാക്കണം. ചാണക വെള്ളം തളിച്ച സംഭവത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ കെ ബാലനും കെ കെ ഷൈലജ ടീച്ചറും സിപിഐയും കോൺഗ്രസ്സും പരസ്പരം ഒത്തു ചേർന്ന് കേസ് പിൻവലിച്ച സംഭവത്തിൽ സിപിഎമ്മിൻ്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണം.

ഗീത ഗോപി പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമത്തെ ദുരുപയോഗം ചെയ്തിരിക്കുകയാണ്. പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണ് ചെയ്തത്. നാട്ടിക നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സും സിപിഐയും തമ്മിൽ പരസ്പരം അന്തർ ധാരണയാണുള്ളത്. വോട്ട് കച്ചവടത്തിൻ്റെ ഭാഗമാണ് ഈ ധാരണ.

പത്ര സമ്മേളനത്തിൽ പട്ടികജാതി മോർച്ച സിറ്റി ജില്ലാ പ്രസിഡൻ്റ് മനോജ്‌ നെല്ലിക്കാട്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ വിഷ്ണു പ്രസാദ് പിഎസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *