Agriculture Business Economy India News

ഖരീഫ് കൃഷി അവലോകനം; മഴക്കുറവുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഖരീഫ് കൃഷിയുടെ പുരോഗതി, കാലവർഷത്തിൻ്റെ സ്ഥിതി, മഴക്കുറവ്, വളം-വിത്ത് ലഭ്യത എന്നിവ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മഴക്കുറവുള്ള പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

ജൂലൈ 17 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 658.19 ലക്ഷം ഹെക്ടർ പ്രദേശത്താണ് ഖരീഫ് കൃഷി നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആകെ വിതച്ച വിസ്തൃതി കുറഞ്ഞെങ്കിലും നെല്ല്, പയർവർഗങ്ങൾ ഉൾപ്പെടെ നിരവധി വിളകളുടെ കൃഷിയിൽ പല സംസ്ഥാനങ്ങളിലും മികച്ച പുരോഗതിയുണ്ടെന്ന് യോഗം വിലയിരുത്തി.

എൽ നിനോ മൂലം, മഴക്കുറവുള്ള 270 ജില്ലകളിലെ സ്ഥിതി, ജലസംഭരണികളിലെ ജലനിരപ്പ്, വിളകളുടെ ആരോഗ്യനില എന്നിവയും യോഗത്തിൽ പരിശോധിച്ചു. പയർവർഗങ്ങൾ, എണ്ണക്കുരുവിളകൾ, പരുത്തി എന്നിവയുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളുമായി പ്രതിവാര അവലോകന യോഗങ്ങൾ നടത്താനും മന്ത്രി നിർദേശിച്ചു.

ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം ജൂലൈ 9-നാണ് രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചത്. സാധാരണയേക്കാൾ ഒരു ദിവസം വൈകിയാണ് കാലവർഷം രാജ്യത്താകെ എത്തിയത്.

ജൂൺ 1 മുതൽ ജൂലൈ 15 വരെ രാജ്യത്ത് ലഭിച്ചത് 227 മില്ലീമീറ്റർ മഴ മാത്രമാണ്. സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 23 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മഴക്കുറവ് കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലാണ്. 36% മഴയാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്. തെക്കൻ ഉപദ്വീപിൽ 26 ശതമാനവും, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 19 ശതമാനവും, മധ്യ ഇന്ത്യയിൽ 13 ശതമാനവും മഴക്കുറവുണ്ടായി.

മഴയുടെ സാഹചര്യം തുടർച്ചയായി നിരീക്ഷിച്ച് ആവശ്യമായ കാർഷിക അടിയന്തര നടപടികൾ സംസ്ഥാനങ്ങളുമായി ചേർന്ന് നടപ്പാക്കണമെന്നും കേന്ദ്ര കൃഷിമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *