Business Economy Growth India International News Politics

ഉത്തര മസിഡോണിയയുമായി ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

സ്കോപ്യേ: ഉത്തര മസിഡോണിയ സന്ദർശനത്തിനിടെ അവിടുത്തെ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയും ഉത്തര മസിഡോണിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പാർലമെൻ്ററി സഹകരണവും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ദ്രൗപദി മുർമു ആഹ്വാനം ചെയ്തു.

ഉത്തര മസിഡോണിയൻ പ്രസിഡൻ്റ് ഗോർഡാന സില്യാനോവ്സ്ക-ദാവ്കോവയുടെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗത്തിൽ, ഉത്തര മസിഡോണിയ ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇരു രാജ്യങ്ങളും ജനാധിപത്യ മൂല്യങ്ങൾ പങ്കിടുന്നവരാണെന്നും ചരിത്രപരമായ ബന്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പാർലമെൻ്ററി നയതന്ത്രത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ രാഷ്ട്രപതി, ഇരു രാജ്യങ്ങളിലെയും ജനപ്രതിനിധികൾ തമ്മിൽ കൂടുതൽ ആശയവിനിമയവും സഹകരണവും വളർത്തണമെന്നും പൊതുനയ രൂപീകരണത്തിലെ മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കണമെന്നും നിർദേശിച്ചു.

ആഗോള സാമ്പത്തിക-ഭൂരാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, വ്യാപാര-നിക്ഷേപ മേഖലകളിൽ ഇന്ത്യ ഉത്തര മസിഡോണിയയുമായുള്ള സഹകരണം വിപുലീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.

‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ ദാർശനിക ആശയം ഉയർത്തിക്കാട്ടിയ രാഷ്ട്രപതി, ലോകത്ത് സമാധാനവും സംയുക്ത പുരോഗതിയും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിൽ സഹകരിക്കേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *