Agriculture Farming Kerala News Politics

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ കർഷകമോർച്ച ധർണ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് പകരം, പദ്ധതിയെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകമോർച്ച അവിണിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിണിശ്ശേരി വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കൃഷിച്ചെലവ് വർധിക്കുകയും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തുന്നത് കർഷകരോടുള്ള അനീതിയാണ്.

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുശാന്ത് ഐനിക്കുന്നത്ത്, കർഷകമോർച്ച ചേർപ്പ് മണ്ഡലം പ്രസിഡന്റ് ടോണി കോട്ടയം, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമി പ്രദീപ്, സനൂപ് കറുകയിൽ, പ്രേമൻ കാരയിൽ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എ.ആർ. ജോസ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജീവ് കണാറ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബബീഷ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *