കായികതാരങ്ങളോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണന: കായികമന്ത്രിയുടെ പിടിപ്പുകേട് അന്വേഷിക്കണം — ജസ്റ്റിൻ ജേക്കബ്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന നീന്തൽ മത്സരത്തിനിടെ കാറ്റിലും മഴയിലും താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ പറന്നുവീണ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി.
അക്വാട്ടിക് കോംപ്ലക്സിലെ ഗ്യാലറിക്ക് മുകളിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയതിനെ തുടർന്നാണ് അപകടമുണ്ടായത്. പത്തിലധികം കായികതാരങ്ങൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ നാലിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കായികമികവ് തെളിയിക്കാനെത്തിയ വിദ്യാർത്ഥികളുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയാത്തത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ്.
സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങൾ പോലും മതിയായ രീതിയിൽ ഒരുക്കിയില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചെറിയ തോതിലുള്ള കാറ്റിലും മഴയിലും താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ പറന്നുപോകുന്ന ഗുരുതര സാഹചര്യമുണ്ടായത്.
കായികതാരങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ കായികവകുപ്പും മന്ത്രിയും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
“കായികമേളയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകേണ്ട കായികമന്ത്രി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അഭിമാനമായ കായികതാരങ്ങളെ ഇത്തരത്തിൽ അവഗണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ചെറിയ കാറ്റിലും മഴയിലും തന്നെ പന്തലിന്റെ ഷീറ്റുകൾ പറന്നുപോകുന്ന തരത്തിലുള്ള നിർമ്മാണവും സംവിധാനവുമാണ് ഒരുക്കിയിരുന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. കുട്ടികളുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള അനാസ്ഥയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കായികമന്ത്രി തയ്യാറാകണം,” ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
സംസ്ഥാന കായികമേളയുടെ നടത്തിപ്പിൽ ഉണ്ടായിട്ടുള്ള മുഴുവൻ വീഴ്ചകളും അന്വേഷിക്കണം. പന്തൽ നിർമ്മാണം, സുരക്ഷാ സംവിധാനങ്ങൾ, വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
“കായികമേളയുടെ നടത്തിപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെ വിദ്യാർത്ഥികളെ അപകടത്തിലേക്ക് തള്ളിവിടുകയും, മറുവശത്ത് അനാവശ്യ രാഷ്ട്രീയ ഇടപെടലുകളുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന കായികമന്ത്രിയുടെ സമീപനം അപലപനീയമാണ്. കായികതാരങ്ങളോട് ഇത്രയും ഗുരുതരമായ അവഗണന കാണിച്ച സാഹചര്യത്തിൽ കായികമന്ത്രി ഓ. ജെ. ജനീഷ് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയും അന്വേഷണത്തെ നേരിടുകയും വേണം,” ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാതെ നടത്തുന്ന സംസ്ഥാന കായികമേളകൾ പ്രഹസനമായി മാറരുത്. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുകയും അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.



