Agriculture India Kerala News Politics

സംസ്ഥാന സർക്കാർ കർഷകരോട് വിവേചനം കാണിക്കുന്നു: എ.ജി. രാജേഷ്

കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളായ കർഷകരുടെ രേഖകൾ സമയബന്ധിതമായി അഗ്രിസ്റ്റാക് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥ മൂലം നിരവധി കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ നിധി ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് കർഷക മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് പറഞ്ഞു. കർഷകരുടെ അവകാശപ്പെട്ട ആനുകൂല്യങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ കർഷകരോട് സംസ്ഥാന സർക്കാർ വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കേന്ദ്രസർക്കാർ കർഷകർക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തുകയാണെന്നും എ.ജി. രാജേഷ് ആരോപിച്ചു. രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിലും അർഹരായ കർഷകരെ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിലും ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കർഷക മോർച്ച നടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തറ വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.ജി. രാജേഷ്.

കർഷക മോർച്ച ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ഷാജു മങ്കുഴി അധ്യക്ഷത വഹിച്ചു. ബിജെപി ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാരിയർ മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച ഒല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ അഞ്ചേരി, ബിജെപി ജില്ലാ സെക്രട്ടറി നിബിൻ ശ്രീനിവാസൻ, മണ്ഡലം ട്രഷറർ ഡിവിജ് ഒല്ലൂർ, അജിത് മൂത്തേരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *