കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയുണ്ടായ ആക്രമണവും ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രതിഷേധിച്ച് തൃശൂർ എംഎൽഎ രാജൻ പല്ലന്റെ വാഹനം തടഞ്ഞ് യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തി.
യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് മനു പള്ളത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാഹുൽ നന്തിക്കര,നന്ദകുമാർ അമൃത ശ്രീജിത്ത്, അഞ്ജലി എറക്കാട്ട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ജനാധിപത്യത്തിൽ രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണ്, അക്രമം കൊണ്ടല്ല. ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് മുന്നിൽ യുവമോർച്ച മൗനം പാലിക്കില്ല. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുകയും ബിജെപി ഓഫീസുകൾക്ക് നേരെ അതിക്രമം നടത്തുകയും ചെയ്യുന്ന പ്രവണത കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തിന് അപമാനകരമാണ്.
പോലീസ് സംരക്ഷണം ഉപയോഗിച്ച് രാഷ്ട്രീയ അക്രമം തുടരുന്ന സാഹചര്യമാണെങ്കിൽ അതിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾ ഉയരും. ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടാകുന്ന ഓരോ ആക്രമണത്തിനും ജനാധിപത്യപരമായ പ്രതിഷേധത്തിലൂടെ മറുപടി നൽകുമെന്നും മനു പള്ളത്ത് പറഞ്ഞു.
പി.കെ. കൃഷ്ണദാസിനെതിരെ നടന്ന ആക്രമണത്തിലും ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും ശക്തമായ നടപടി സ്വീകരിക്കണമെന്നും അക്രമരാഷ്ട്രീയത്തിന് സർക്കാർ അറുതി വരുത്തണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.





