Death Entertainment Kerala News

പ്രശസ്ത കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായിരുന്ന ദക്ഷിണാമൂർത്തിസ്വാമികളുടെ ഓർമ്മദിനം



1919 ഡിസംബർ 9ന് ഡി.വെങ്കിടേശ്വരയ്യരുടെയും, പാർവതി അമ്മാളുടെയും, മകനായി ആലപ്പുഴയിൽ ജനനം. മാതാപിതാക്കളുടെ ഏഴുമക്കളിൽ മൂത്തയാൾ ആയിരുന്നു അദ്ദേഹം. സപ്തസ്വരങ്ങൾ പോലെ ഏഴുപേർ എന്ന് അദ്ദേഹം പറയുമായിരുന്നു.
അമ്മയിൽ നിന്നും സംഗീതം പഠിച്ചു തുടങ്ങിയ അദ്ദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു . തിരുവനന്തപുരം വെങ്കിടാചലം പോറ്റി ആയിരുന്നു അദ്ദേഹത്തിൻ്റെ ഗുരു.

മൂന്നുവർഷം അദ്ദേഹത്തിൻ്റെ കീഴിൽ സംഗീതം പഠിച്ചു. പിന്നീട് കർണാടക സംഗീതത്തിൽ കൂടുതൽ അറിവ് നേടുകയും അതിൽ വിദഗ്ധൻ ആവുകയും ചെയ്തു. കെ കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച നല്ല തങ്കയായിരുന്നു ആദ്യ സംഗീതം നിർവഹിച്ച ചിത്രം. ഈ ചിത്രം പുറത്തിറങ്ങിയില്ല. യേശുദാസിൻ്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ആയിരുന്നു ഇതിൽ അഭിനയിച്ചിരുന്നതും പിന്നണി പാടിയതും. അഗസ്റ്റിൻ ജോസഫ്, യേശുദാസ്, മകൻ വിജയ് യേശുദാസ്, വിജയ്‌യുടെ പുത്രി അമേയ തുടങ്ങി നാലു തലമുറയ്ക്ക് ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചു.

ഇളയരാജ, പി ലീല, എൻ.സി. വസന്ത കോകിലം, കവിയൂർ രേവമ്മ, അമ്പിളി മിഥുൻ,
ശ്രീലത ഷെറിൻ പീറ്റേഴ്സ്, പി സുശീല, കല്യാണി മേനോൻ തുടങ്ങി പ്രശസ്തരായ പലരുടെയും ഗുരു ആയിരുന്നു അദ്ദേഹം.

അഭയേദവ്, ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒഎൻവി എന്നിവരുമായെല്ലാം സഹകരിച്ച് ധാരാളം ഗാനങ്ങളൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. എ ആർ റഹ്മാൻ്റെ പിതാവ് ആർ കെ ശേഖർ കുറച്ചു ചിത്രങ്ങളിൽ അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

2008ൽ മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ നാലു ഗാനങ്ങൾ ഒരുക്കിയ അദ്ദേഹം അവസാനം സംഗീതം നൽകിയ ചിത്രം ശ്യാമ രാഗം ആണ്. ഭക്തിഗാനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ബിലഹരി രാഗത്തിൽ വൈക്കത്തഷ്ടമി നാളിൽ എന്ന പ്രണയഗാനം അദ്ദേഹം ചിട്ടപ്പെടുത്തി.
വാതിൽ പഴുതിലൂടെ..
നാദബ്രഹ്മത്തിൻ..,.
സ്വപ്നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ…
കാട്ടിലെ പാഴ്മുളം….
ഇന്നലെ നീയൊരു….
ഹർഷ ബാഷ്പം തൂകി…
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു…
ആ ദിവ്യ നാമം അയ്യപ്പാ….
നാദബ്രഹ്മത്തിൻ…
പൊൻവെയിൽ മണിക്കച്ച…..
കാർ കൂന്തൽ കെട്ടിലെന്തിന് വാസന തൈലം…..
വൈക്കത്തഷ്ടമി നാളിൽ ഞാനൊരു..
തുടങ്ങി അനേകം സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകൻ. അദ്ദേഹം ഈണം നൽകിയ ഗാനങ്ങളിൽ അധികവും പാടിയത് ഗാനഗന്ധർവ്വൻ യേശുദാസ് ആണ്. കല്യാണി അമ്മാൾ ആയിരുന്നു ജീവിതപങ്കാളി, വെങ്കിടേശ്വരൻ, ജയശ്രീ, ഗോമതി ശ്രീ എന്നിവർ മക്കളും.
ജെസി ഡാനിയൽ പുരസ്കാരം, സംഗീത സരസ്വതി, സ്വാതി തിരുനാൾ പുരസ്കാരം. തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ത്യാഗ ബ്രഹ്മം, ആത്മദീപം എന്നീ തമിഴ് കൃതികളും സത്യ മിത്രം എന്ന മലയാളം കൃതിയും അദ്ദേഹം രചിച്ചതാണ്.
ഒരു ഏകാദശി ദിവസം 2013 ഓഗസ്റ്റ് 2ന് അദ്ദേഹം ചെന്നൈയിൽ വച്ച് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *