Kerala Politics

ടി.എൻ പ്രതാപൻ പയറ്റുന്നത് വിഭജന തന്ത്രം – ബിജെപി.

തൃശ്ശൂർ: തെരെഞ്ഞെടുപ്പ് അടുത്തതോടെ എം.പിയെന്ന നിലയിലുള്ള പരാജയം മറച്ച് വെക്കാൻ ടി എൻ പ്രതാപൻ ജനങ്ങൾക്കിടയിൽ വിഭജന തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. 5 വർഷം എം.പിയായിരുന്നിട്ടും ഒരു പദ്ധതി പോലും തൃശ്ശൂരിൽ കൊണ്ട് വരാൻ സാധിക്കാത്ത പ്രതാപൻ നരേന്ദ്ര മോദി സർക്കാർ രാജ്യത്താകമാനം നടപ്പാക്കുന്ന റെയിൽവേ വികസനത്തിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ വലിയ റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് നരേന്ദ്ര മോദി സർക്കാരിൻ്റെ സ്വപ്നപദ്ധതിയാണ്. ഈ പദ്ധതിപോലും തൻ്റെ പരിശ്രമം കൊണ്ടാണെന്ന് അവകാശപ്പെടുന്നത് പ്രതാപൻ്റെ അല്പത്തത്തിൻ്റെ തെളിവാണ്. റെയിൽവേ അമിനിറ്റീസ് ബോർഡ് ചെയർമാൻ പി.കെ കൃഷ്ണദാസ് തൃശ്ശൂരിനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രഖ്യാപിച്ചപ്പോൾ സ്ഥലം എം.പിയറിയാതെ വികസന പദ്ധതി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് പ്രതിഷേധിച്ച വ്യക്തിയാണ് പ്രതാപൻ. ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കാനും പിടിച്ചെടുക്കാനും പോകുന്നുവെന്ന് വിശ്വാസികൾക്കിടയിൽ ഭീതി പടർത്തി വോട്ട് തട്ടാനാണ് പ്രതാപനിപ്പോൾ തട്ടിപ്പ് യാത്ര നടത്തുന്നത്. ക്രൈസ്തവരുടെ ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്നത് പ്രതാപൻ നടത്തുന്ന കള്ളപ്രചരണമാണ്. ക്രൈസ്തവ വിശ്വാസികൾക്കെതിരായ ഏത് നീക്കത്തെയും നേരിടാൻ ബിജെപി എന്നും മുന്നിലുണ്ടാകും. പാലാ ബിഷപ്പ് ഹൗസിലേക്ക് തീവ്രവാദികൾ മാർച്ച് നടത്തി വന്നപ്പോൾ തടയാൻ ഇറങ്ങിയത് ബിജെപിയാണ്. കക്കുകളി നാടകത്തിനെതിരെ നിലപാട് സ്വീകരിച്ചതും ഹമാസ് തീവ്രവാദത്തെ എതിർത്തതും ബിജെപിയാണ്. ഹമാസ് ഐക്യദാർഡ്യ സദസ്സ് നടത്തിയ പ്രതാപന് മുസ്ലീം ഭീകരവാദത്തെ തള്ളിപ്പറയാനുള്ള ധൈര്യമുണ്ടോ? ശ്രീരാമനേയും സീതയേയും തൃശ്ശൂർ എം.എൽ.എ വൃത്തികെട്ട രീതിയിൽ അധിക്ഷേപിച്ചപ്പോൾ എന്തുകൊണ്ടാണ് പ്രതാപൻ പ്രതികരിക്കാതിരുന്നത്? പ്രതാപൻ തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണെന്നും ഇത്തവണ കെട്ടിപ്പിടിച്ചും തോണ്ടിയും മാന്തിയും നുള്ളിയുമൊന്നും ജനങ്ങളെ പറ്റിച്ച് വോട്ട് നേടാൻ സാധിക്കില്ലെന്ന് ബോധ്യമായത് കൊണ്ടാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ വിഭജന തന്ത്രവുമായി ഇറങ്ങിയിരിക്കുന്നതെന്നും ഇതെല്ലാം ഇത്തവണ തൃശ്ശൂരുകാർ തള്ളിക്കളയുമെന്നും അനീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *