Agriculture Business Economy Kerala News

മണ്ണിന് രക്ഷാ കവചം, രാമച്ചം

എം എ സുധീർ ബാബു പട്ടാമ്പി, ജില്ലാ സോയിൽ സർവ്വേ ഓഫീസർ, കോഴിക്കോട്.

മണ്ണ് നമ്മുടെ പ്രധാന ഭൂവിഭവമാണ്. മണ്ണിൻ്റെ ശോഷണം തടയാനും, മണ്ണൊലിപ്പ് നിയന്ത്രിക്കാനും എറ്റവും മികച്ച രക്ഷാ കവചമാണ് നമ്മുടെ രാമച്ചം. ഇംഗ്ലീഷുകാരുടെ വെറ്റിവർ. ഹിന്ദിയിലും ബംഗാളിയിലും ഖസ് എന്നറിയപ്പെടുന്നു.
രാമച്ചം, വേരിൻ്റെ സുഗന്ധം കൊണ്ടു മികച്ച തൈല ഔഷധ വിളയാണ്. ആദ്യം രാമചത്തിൻ്റെ ശാസ്ത്രീയമായ പേര് വേറ്റിവേരിയ സിസ്ണായിഡസ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ പേര് പാടെ മാറി. ക്രൈസോ പോഗൻ സിസാനോയ്ഡ്‌സ് എന്നാണ് പുതിയ പേര്.

മല നിരകളിൽ തട്ടുതട്ടാക്കി ചെരിവിന് കുറുകെ രാമച്ച വേലി ഉണ്ടാക്കിയാൽ മണ്ണൊലിപ്പ് തടയാൻ പറ്റും. തൃശൂർ ജില്ലയിൽ ചാവക്കാട്, ഒരുമനയൂർ, മലപ്പുറം പൊന്നാനി, വെളിയംകോട്, തുടങ്ങിയ ഭാഗങ്ങളിൽ മണൽ മണ്ണിൽ രാമച്ചം കൃഷി ചെയ്തു വരുന്നുണ്ട്‌.
രാമച്ചത്തിൻ്റെ തൈകൾ ഇടിയുന്ന തോട്, മണ്ണ് ഇടിയാൻ സാധ്യത ഉള്ള റോഡിൻ്റെ വശങ്ങളിൽ നടുന്നത് നല്ലതാണ്. ഇവയുടെ വേരുകൾ മണ്ണൊലിപ്പ് തടയാനും മണ്ണിടിച്ചിലിനെ ചെറുത്ത് നിർത്താനും സഹായിക്കുന്നു എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.


രാമച്ച കൃഷിയുടെ വികസനത്തിനായി നിരവധി സാധ്യതകൾ തൃശൂർ ജില്ലയിൽ തന്നെ ഉണ്ട്. രാമച്ച കൃഷിക്കു സാമ്പത്തിക സഹായം കൃഷി ഭവൻ വഴി കിട്ടാൻ നടപടികൾ ഉണ്ടാവണം. രാമച്ച ത്തെ അടിസ്ഥാനമാക്കി ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കാം. രാമച്ചത്തിൻ്റെ വേരിൽ നിന്നും വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിപണിയിൽ വിൽക്കാൻ കർഷകരെ സഹായിക്കാൻ നടപടി ആവശ്യമാണ്.

മണ്ണ് സംരക്ഷണം നടത്തുമ്പോൾ തോടിൻ്റെ വശങ്ങളിൽ കയർ നിർമിത ഭൂവസ്ത്രം വെച്ച ശേഷം രാമച്ച തൈകൾ വെച്ചു ബലമാക്കാം. രാമച്ചം കൃഷി തോട്ടങ്ങളുടെ ചുറ്റിലും വേലി ആയി നട്ടാൽ കീടാരോഗ ശല്യം കുറക്കാം. രാമച്ച വേരുകൾ മികച്ച മരുന്നാണ്. മാലിന്യം നിറഞ്ഞ മണ്ണും ജലവും ശുദ്ധീകരിക്കാൻ രാമച്ച വേര് നല്ലതാണ്.

മണ്ണിൽ ഒളിഞ്ഞു കിടക്കുന്ന ഖന ലോഹങ്ങൾ വലിച്ചെടുത്തു മണ്ണ് ശുദ്ധിയാക്കാൻ രാമച്ചത്തിനു കഴിവുണ്ട്. പ്രത്യേകിച്ചു കാഡ്മിയം, ഈയം, മെർക്യൂറി, എന്നിവയുടെ തോത് കുറച്ചു മണ്ണ്, ജലം എന്നിവയെ രക്ഷിക്കാൻ രാമച്ച വേരുകൾക്ക് സാധിക്കും.

പൊതുവെ രാമച്ചത്തിൽ വടക്കേ ഇന്ത്യൻ, തെക്കേ ഇന്ത്യൻ എന്നിങ്ങനെ രണ്ടു വക ഭേദങ്ങൾ ഉണ്ട്. തെക്കേ ഇന്ത്യൻ രാമച്ചയിനങ്ങളിൽ നിന്നാണ് കൂടുതൽ വേരും തൈലവും ലഭിക്കുക. എന്നാൽ വടക്കേ ഇന്ത്യൻ രാമച്ചയിനങ്ങൾക്ക് നല്ല മണമുള്ള തൈലമാണുള്ളത്.

മുന്തിയ നിലമ്പുർ രാമച്ചയിനമാണ് ഓ ഡി വി 3എന്നയിനം. ലക്‌നോവിൽ ഉള്ള സിമാപ്പ് എന്ന ഗവേഷണ സ്ഥാപനം പുറത്തിറക്കിയ സുഗന്ധ ഇവയിൽ മികച്ച ഇനമായി അറിയപ്പെടുന്നു. മണമേറിയ സുഗന്ധ, ധാരിണി, ഗുലാബി, കേസരി, സിം വൃദ്ധി, പൂസയിലെ ഗവേഷണകേന്ദ്രം പുറത്തിറക്കിയ പൂസ ഹൈബ്രിഡ് 7, പൂസ ഹൈബ്രിഡ് 8 എന്നിവക്കുപുറമെ കേരളകാർഷിക സർവകലാശാലയുടെ ഓടക്കാലി ഗവേഷണ കേന്ദ്രത്തിൽ നിന്ന് പുറത്തിറക്കിയ ഭൂമിക എന്നയിനവും, ഉയർന്നതോതിൽ എണ്ണ അടങ്ങിയ പുതിയ ഇനമായ കെ എ യു സൗഗന്ധിക എന്നിവയും കൃഷിക്കു പറ്റിയ ഇനങ്ങൾ ആണ്.

മണൽ നിറഞ്ഞ ചാവക്കാട് മുതൽ പുതു പൊന്നാനി വരെ ഉള്ള തീരപ്രദേശങ്ങളിൽ രാമച്ച കൃഷിക്കു നല്ല സാധ്യത ഉണ്ട്‌. നെല്ല് കൃഷി നടത്തി വന്നിരുന്ന ഭാഗങ്ങളിൽ എല്ലാം ഇപ്പോൾ രാമച്ച കൃഷി ഉണ്ട്‌. കൊടിയ വേനൽ ചൂടും, കനത്ത മഴയും ഒരു പോലെ പ്രശ്നങ്ങൾ ഇല്ലാതെ വളരാൻ പറ്റുന്ന വിളയാണിത്.

രാമച്ച കൃഷി തുടങ്ങുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആണ്. വിളവെടുപ്പ്, വേര് ശേഖരണം, നടീൽ ഒക്കെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെ ചെയ്യണം. അതിനു കർഷക കൂട്ടായ്മകൾ ഉണ്ട്. മണൽ മണ്ണിൽ വളരുന്ന രാമച്ചത്തിനു വിളവ് കൂടുതൽ ആണ്. ഈ വേരുകൾ കിടക്ക, സോപ്പ്, വിശറി, ചെരുപ്പ്, കർട്ടൻ, പായ എന്നിവക്കാണ് ഉപയോഗിക്കുന്നത്.

വേര് മുറിച്ചു മാറ്റിയ ചിനപ്പുകൾ ആണ് നടേണ്ടത്. നട്ടു രണ്ടാം മാസവും നാലാം മാസവും ഏക്കർ ഒന്നിന് എഴുപത് മുതൽ എൻപത് കിലോ വരെ കടല പിണ്ണാക്ക് ചേർക്കാൻ മറക്കരുത്. കള ശല്യം നീക്കി മണ്ണ് കൂട്ടി കൊടുക്കണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ഏക്കർ ഒന്നിന് 150 കിലോ മുതൽ 200 കിലോ ഫേക്റ്റംഫോസ് വളം ചേർക്കുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.

മണ്ണ് സംരക്ഷണം നടത്താൻ എറ്റവും യോജിച്ച രാമച്ചയിനം ഭൂമിക ഒരിക്കലും പൂക്കില്ല. അതിനാൽ ഇതിൻ്റെ വിത്ത് വീണു മറ്റു ഭാഗങ്ങളിൽ ചെടി പരക്കില്ല അഥവാ വ്യാപിക്കില്ല.
ഭൂമിക ഇനത്തിൻ്റെ വേരുകൾ വേനലിലും ഉണങ്ങാതെ കിടക്കും. നന സൗകര്യം ഇല്ലെങ്കിൽ മഴ കാലം തുടങ്ങിയ ഉടനെ നടുന്നതാണ് നല്ലത്. തുറന്ന നല്ലവണ്ണം വെയിൽ അടിക്കുന്ന സ്ഥലത്തു രാമച്ചം നടാം.


കിളച്ചിളക്കി വാരം ഉണ്ടാക്കി അതിൽ മുപ്പതു മുതൽ നാല്പതി അഞ്ചു സെൻ്റിമീറ്റർ ഭൂമിക ഒന്നോ രണ്ടോ ചിനപ്പുകൾ നടാം. ഭൂമിക നട്ടാൽ 18 മാസം കഴിഞ്ഞാൽ രണ്ടു ടൺ വേര് കിട്ടും. കേരള കാർഷിക സർവകലാശാല ഏറ്റവും ഒടുവിൽ പുറത്തിറക്കിയ കെ എ യു സൗഗന്ധിക രാമച്ചയിനം ഹെക്ട്ടറിന് ആറു ടൺ മുതൽ എട്ടു ടൺ വരെ ഉണക്ക വേര് വിളവ് തരാൻ കഴിവുള്ള ഇനമാണ്.

രാമച്ച കൃഷിക്കു കൃഷി വകുപ്പ് മുഖേനയോ ചെറുകിട സൂക്ഷ്മ വ്യവസായ വകുപ്പ് മുഖേനയോ കർഷകർക്ക് സാമ്പത്തിക സഹായം ലഭിക്കും. ബാങ്കുകൾ വഴി രാമച്ച കൃഷിക്കു ലോൺ സൗകര്യവും സ്ഥിരമായി ഒരു രാമച്ച വിപണിയും വേണമെന്നാണ് രാമച്ച കർഷകർ പറയുന്നത്.

ഭാരത പുഴ (നിളാ നദി )യുടെ പല വശങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. പുഴയോരങ്ങളിൽ രാമച്ച വേലി നട്ടാൽ പുഴ കരകയ്യേറി വലുതാകില്ല. രാമച്ച കൃഷിക്കു വേണ്ടത്ര പ്രചാരവും ശാസ്ത്രീയമായ രാമച്ച കൃഷി യിൽ പരിശീലനവും കൊടുക്കണം. ഇനിയും നാം രാമച്ചത്തെ പുച്ഛിച്ചു തള്ളണ്ട. ആള് പുലിയാണ് കേട്ടോ. മണ്ണ് നോക്കി സംരക്ഷണം ഉറപ്പാക്കുന്ന കരിമ്പുലി ആണ് രാമച്ചം.

Leave a Reply

Your email address will not be published. Required fields are marked *