Agriculture India Kerala News

പ്രത്യേക ശുചീകരണ യജ്ഞം; രാജ്യത്തുടനീളം 2,000 തൈകൾ നട്ട് കൃഷി മന്ത്രാലയം

ന്യൂഡൽഹി: ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം 2,000-ത്തിലധികം തൈകൾ നട്ടു. സർക്കാർ ഓഫീസുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനും ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക ശുചീകരണ യജ്ഞം ആറാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.

2026 ഒക്ടോബർ 2 മുതൽ 31 വരെയായിരുന്നു ക്യാമ്പയിൻ. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കുക, രേഖകൾ ക്രമീകരിക്കുക, ഇ-മാലിന്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും നീക്കം ചെയ്യുക, ഓഫീസുകളിലെ സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

ക്യാമ്പയിന്റെ ഭാഗമായി കൃഷി മന്ത്രാലയം സെക്രട്ടറി ന്യൂഡൽഹിയിലെ നാഷണൽ സീഡ്സ് കോർപ്പറേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തൈ നടീൽ, ഇ-മാലിന്യങ്ങളും ആക്രി വസ്തുക്കളും അംഗീകൃത പുനഃചംക്രമണ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുള്ള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്, ശുചീകരണ തൊഴിലാളികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും നടന്നു.

സൗരോർജ സംവിധാനം, മൈക്രോഗ്രീൻസ് കൃഷി, മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കൽ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പദ്ധതികളും സന്ദർശനത്തിൽ പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *