ഛത്തീസ്ഗഢിലെ ബസ്തർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ദിമാഗി നക്സലുകൾ’ എന്ന പ്രധാനമന്ത്രിയുടെ പരാമർശമാണ് രാഹുലിനെ ചൊടിപ്പിച്ചത്.
രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളവർ ആരാണെന്നും വ്യക്തമാക്കാൻ തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വീണ്ടും വെല്ലുവിളിച്ചു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സൈനികരുടെ മുഖഭാവങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകളോടുള്ള വിയോജിപ്പ് പ്രകടമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നുണകൾ സൈനികർ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സിആർപിഎഫിനെ ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ പ്രതികരണം. സൈനികരെ നക്സലുകളെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചുവെന്നും രാഹുൽ വിമർശിച്ചു. നക്സലിസവുമായി ബന്ധപ്പെട്ട് ബസ്തറിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.





