Environment India International News

വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തി; ദേശീയ വന്യജീവി ബോർഡിന്റെ 92-ാമത് യോഗത്തിന് ഭൂപേന്ദർ യാദവ് അധ്യക്ഷനായി

ന്യൂഡൽഹി: ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി (SC-NBWL) 92-ാമത് യോഗത്തിന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് അധ്യക്ഷനായി. ന്യൂഡൽഹിയിലായിരുന്നു യോഗം.

‘ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുക, വന്യജീവികൾക്ക് വളരാൻ അവസരമൊരുക്കുക’ (Connecting Habitats, Thriving Wildlife) എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം 2026ന്റെ റിപ്പോർട്ട് യോഗം വിലയിരുത്തി.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രധാന സംരക്ഷണ പദ്ധതികളും മന്ത്രി വിശദീകരിച്ചു. ബക്സയിൽ കടുവകളെ പുനരധിവസിപ്പിച്ചത്, രാജസ്ഥാനിൽ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളെ തുറന്നുവിട്ടത്, പ്രോജക്ട് ചീറ്റയുടെ പ്രവർത്തനം മൂന്നാമതൊരു കേന്ദ്രത്തിലേക്ക് വ്യാപിപ്പിച്ചത് എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.

ശാസ്ത്രീയമായ സമീപനത്തിലൂടെ വന്യജീവി സംരക്ഷണത്തിൽ പ്രായോഗിക നേട്ടങ്ങൾ കൈവരിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പുരസ്കാരത്തിന് അർഹരായവരെയും മന്ത്രി അഭിനന്ദിച്ചു. വന്യജീവി സംരക്ഷണത്തിൽ മുന്നണിപ്പോരാളികളായ വനംവകുപ്പ് ജീവനക്കാരും പ്രാദേശിക സമൂഹങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യജീവി സംരക്ഷണത്തിനും വേട്ടയാടൽ തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് തെലങ്കാനയിലെ അന്തരിച്ച ബനോത്ത് നവീൻ, നാഗാലാൻഡിലെ ഹുകായ് എച്ച്. ഷിമോ, തമിഴ്‌നാട്ടിലെ വി. കുമരേശൻ എന്നിവർക്ക് ആദരം നൽകി.വന്യജീവി നിരീക്ഷണത്തിലും പ്രത്യേക വൈദഗ്ധ്യത്തോടെയുള്ള പ്രവർത്തനങ്ങളിലും മഹാരാഷ്ട്രയിലെ ഉമേഷ് ഭാരത് കൽസാർപെ, ഗുജറാത്തിലെ അശ്വിൻസിങ് കിരിത്‌സിങ് ജഡേജ, ഉത്തർപ്രദേശിലെ ബഹ്റൈച്ച് മനുഷ്യ-വന്യജീവി സംഘർഷ നിയന്ത്രണ സംഘം എന്നിവർ പുരസ്കാരത്തിന് അർഹരായി.

തിമിംഗല സ്രാവുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഗുജറാത്തിലെ മംഗ്രോളിലുള്ള ശ്രീ മഹാവീർ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിനും തമിഴ്‌നാട്ടിലെ സിരുമലൈ കുന്നുകളിലെ പൊന്നുരുവി ഇക്കോ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കും കമ്മ്യൂണിറ്റി കൺസർവേഷൻ പുരസ്കാരം നൽകി.

അസമിലെ നമേറി കടുവാ സങ്കേതത്തിന് കൺസർവേഷൻ അഷ്വേർഡ് | ടൈഗർ സ്റ്റാൻഡേർഡ്സ് (CA|TS) അംഗീകാരവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *