
ഗോവ: അസമിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളും അരുണാചൽ പ്രദേശിലെ പർവതപ്രദേശങ്ങളിൽ ദുഃഖിതനായ ഒരു പിതാവ് നടത്തുന്ന മാനസിക യാത്രയും പ്രമേയമാക്കിയ രണ്ട് ചിത്രങ്ങൾ 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) ശ്രദ്ധേയമായി.
ഐമീ ബറുവ സംവിധാനം ചെയ്ത അസമീസ് ഡോക്യുമെന്ററി റെഡ് കാർപെറ്റ്, ദുയു താബ്യോ സംവിധാനം ചെയ്ത ഉറം എന്നിവയാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇടംനേടിയത്. റെഡ് കാർപെറ്റ് നോൺ ഫീച്ചർ വിഭാഗത്തിലും ഉറം ഫീച്ചർ ഫിലിം വിഭാഗത്തിലുമാണ് പ്രദർശിപ്പിക്കുന്നത്.
ഗോവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചിത്രങ്ങളുടെ സംവിധായകർ സിനിമകളുടെ പ്രമേയത്തെക്കുറിച്ചും ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു.
അസമിലെ കാർബി ആംഗ്ലോങ് മേഖലയിലെ കാർബി സമൂഹത്തിന്റെ പരമ്പരാഗത കൈത്തറി നെയ്ത്ത് പൈതൃകമാണ് റെഡ് കാർപെറ്റ് അവതരിപ്പിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരകൗശലമേഖല ആധുനികവൽക്കരണവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം നേരിടുന്ന വെല്ലുവിളികളും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു.
അസമിലെ ഡോൺകാമോകം ഗ്രാമത്തിൽ നിന്നുള്ള ഒരു പരമ്പരാഗത നെയ്ത്തുകാരന്റെ യാത്ര കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റിലെത്തുന്നതുവരെ ചിത്രം പിന്തുടരുന്നു.
കൈകൊണ്ട് നെയ്തെടുത്ത ഒരു തുണി എങ്ങനെ സാംസ്കാരിക സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി മാറിയെന്നതും ചിത്രം വരച്ചുകാട്ടുന്നു.
പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ അഭിനേത്രിയും നിർമാതാവും സംവിധായികയുമായ ഐമീ ബറുവ വാർത്താസമ്മേളനത്തിൽ ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അസമിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പരമ്പരാഗത കൈത്തറി ഉൽപ്പന്നത്തെ കാൻ ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര വേദിയിലെത്തിച്ച യാത്രയെക്കുറിച്ച് അവർ വിശദീകരിച്ചു. ഗവേഷണ വിദ്യാർഥിനി കൂടിയാണ് ഐമീ ബറുവ.




