രാജ്യത്തെ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനും സ്വയംപര്യാപ്തതയുടെയും ജനക്ഷേമത്തിന്റെയും ഉപാധിയാക്കി മാറ്റുന്നതിനുമായി അരുണാചൽ പ്രദേശിൽ സഹകരണ മഹോത്സവം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകാർ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഇറ്റാനഗറിലെ ഡോർജി ഖണ്ഡു സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പങ്കെടുത്തു.
ചടങ്ങിൽ ‘അരുണാചൽ പ്രദേശ് സഹകരണ ദർശനം 2047’ അമിത് ഷാ പുറത്തിറക്കി. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ഗ്രാമീണ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുക, വനിതാ സ്വയംസഹായ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുക, സംസ്ഥാനത്തിന്റെ സമഗ്ര വികസനം വേഗത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്ര പാർലമെന്ററികാര്യ-ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, ഉപമുഖ്യമന്ത്രി ചൗന മെയിൻ, സംസ്ഥാന ആഭ്യന്തര മന്ത്രി മാമ നാടുങ്, സഹകരണ മന്ത്രി ഓജിങ് ടാസിങ്, കൃഷിമന്ത്രി ഗബ്രിയേൽ ഡെൻവാങ് വാങ്സു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യസഭാ എംപി തായ് ടാഗക്, ഇറ്റാനഗർ എംഎൽഎ ടെച്ചി കാസോ, കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.





