Kerala News Politics

കേരളത്തിൽ പോലീസ് അഴിഞ്ഞാട്ടം; സർക്കാർ നിഷ്ക്രിയം: രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ: കേരളത്തിൽ പോലീസ് അതിക്രമങ്ങൾ തുടർക്കഥയായിട്ടും യുഡിഎഫ് സർക്കാർ നിഷ്ക്രിയമാണെന്നും വലപ്പാട് കൈലാസിൻ്റെ മരണം അതിൻ്റെ ഉദാഹരണമാണെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. തൃശ്ശൂരിലെ വലപ്പാട് സി.ഐ പത്മരാജൻറയും എസ്.ഐ മൗഷ്മിയുടേയും തുടർച്ചയായ പീഡനങ്ങൾക്കൊടുവിലാണ് കൈലാസ് ആത്മഹത്യ ചെയ്തത്.

പോലീസിനെ കണ്ട് നിർത്തിയില്ലെന്ന സംഭവത്തിൽ ആദ്യം ചെറിയ കേസിന് FIR ഇട്ട പോലീസ് പിന്നീട് CI യുടെ ഇടപെടലിനെത്തുടർന്ന് FIR തിരുത്തി ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യിപ്പിക്കുകയായിരുന്നു. എന്നിട്ടും അരിശം തീരാത്ത പോലീസ് ഒരു കേസ്സിലും പ്രതിയല്ലാത്ത കൈലാസിനെതിരെ സ്ഥിരം കുറ്റവാളികൾക്കെതിരെ ചുമത്തുന്ന BNSS 126 വകുപ്പ് ചുമത്തുകയായിരുന്നു. ഇതിനെത്തുടർന്ന് വിവാഹം മുടക്കുകയും വിദേശത്തേക്ക് തിരിച്ച് പോകാനുള്ള സാധ്യതയും ഇല്ലാതായതോടെയാണ് ജീവിതം വഴിമുട്ടി കൈലാസ് ആത്മഹത്യ ചെയ്തത്. ഇതിനെല്ലാം പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും മരിച്ച കൈലാസിൻ്റെ കുടുംബം DGP യ്ക്ക് വരെ പരാതി നൽകിയിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരെ നിയമ നടപടിയെടുക്കാത്തത് നിയമവ്യവസ്ഥിതിയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്.

കൈലാസിനെ കൊലയ്ക്ക് കൊടുത്തവർക്കെതിരെ കേസ് എടുക്കാതെ കുറ്റക്കാരെ ചൂണ്ടിക്കാണിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാറിനും ബിജെപി മണ്ഡലം നേതാക്കൾക്കും എതിരെ കേസ് എടുത്തത് വിരോധാഭാസമാണ്. പോലീസ് നിയമം അട്ടിമറിയ്ക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ആർ സുഗതൻ വിഷയത്തിലും, ചേരാനല്ലൂർ സംഭവത്തിലും, നെടുമ്പാശ്ശേരി മിനി കൂപ്പർ സംഭവത്തിലും പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചത്. വലപ്പാട് സംഭവത്തിലും ഇതേ നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

പോലീസിനെ കയറൂരി വിട്ടത് മൂലം സംസ്ഥാനത്ത് നിയമവാഴ്ച തകർന്ന അവസ്ഥയിലാണ്. നിലയ്ക്കലിൽ അയ്യപ്പഭക്തരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതടക്കം നിരവധി സംഭവങ്ങളാണ് കേരളാ പോലീസിനെതിരെ ഉയർന്നു വന്നിരിക്കുന്നത്. വലപ്പാട് സംഭവത്തിൽ പ്രതികളെ സംരക്ഷിച്ച് ബിജെപി നേതാക്കളെ പ്രതികളാക്കി പീഡിപ്പിക്കുന്ന നിലപാടിനെതിരെ ബിജെപി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *