ഫോൺ പ്രവർത്തനരഹിതമായി യഥാസമയം പ്രവർത്തനക്ഷമമാക്കി നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അന്തിക്കാട് സ്വദേശി തണ്ടിയേക്കൽ വീട്ടിൽ ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ കണ്ടശ്ശാംകടവിലെ ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും വിധിയായത്.
പുഷ്പാംഗദൻ്റെ ഫോൺ പ്രവർത്തനരഹിതമാവുകയായിരുന്നു. പരാതി സമർപ്പിച്ചിട്ടും ഫോൺ പ്രവർത്തനക്ഷമമാക്കി നൽകിയില്ല. തുടർന്ന് വക്കീൽ നോട്ടീസ് അയച്ചതിന് ശേഷമാണ് പ്രവർത്തനക്ഷമമാക്കി നൽകിയത്. പതിനെട്ട് ദിവസത്തോളം ഫോൺ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് നഷ്ടം ലഭിക്കുവാൻ പുഷ്പാംഗദൻ ഉപഭോക്തൃകോടതിയെ സമീപിച്ചു. കേബിൾ സ്ഥാപിക്കുന്ന പണികൾ നടന്നുവന്നതിനാലാണ് ഫോൺ തകരാറിലായിരുന്നതെന്നായിരുന്നു എതിർകക്ഷികളുടെ വാദം. യഥാസമയം ഫോൺ പ്രവർത്തനക്ഷമമാക്കി നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് സംഭവിച്ച അസൗകര്യങ്ങൾക്കും വിഷമതകൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.





